X

ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതി മാര്‍ച്ച്

കൊച്ചി: ഇസ്‌ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് 29ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുസ്‌ലിം ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ലാമിക വിധി പ്രകാരമുള്ള സാധുവായ വിവാഹമാണ് ഹാദിയയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനും തമ്മില്‍ നടന്നത്. വിവാഹം അസാധുവാക്കിയ വിധി പ്രസ്താവം ഭരണഘടനാ വിരുദ്ധമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് സ്വതന്ത്ര ഇന്ത്യ. ഭരണഘടന ഉറപ്പ് നല്‍കുന്ന ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാമിക വിശ്വാസം സ്വീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നത്. കുട്ടിയുടെ പിതാവ് ഒന്നര വര്‍ഷം മുമ്പ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കാനും മതപഠനം നടത്തുവാനും അനുമതി നല്‍കി ഹൈക്കോടതിയിലെ തന്നെ മറ്റൊരു ബഞ്ച് വിധി പറഞ്ഞതാണ്.

പിന്നീട് ഗൂഢാലോചനയുടെ ഭാഗമായാണ് ഐ.എസ് ബന്ധം ഉള്‍പ്പെടെയുള്ള വ്യാജ ആരോപണങ്ങള്‍ നിരത്തി അഖില എന്ന ഹാദിയയുടെ പിതാവ് വീണ്ടും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്. കാണാതായ വ്യക്തിയുടെ ശാരീരിക സാന്നിധ്യം ഉറപ്പുവരുത്തുന്നതില്‍ കവിഞ്ഞ നിയമ നടപടികളൊന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ കോടതി സ്വീകരിക്കേണ്ടതില്ല. അതിനുപകരം യുക്തിസഹമല്ലാത്തതും നിയമപരമായി നിലനില്‍ക്കാത്തതുമായ ന്യായങ്ങള്‍ നിരത്തി യുവതിയുടെ വിവാഹബന്ധം പോലും അസാധുവാക്കികൊണ്ടുള്ള വിചിത്ര വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
ഈ വിധി ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനമാണ്.രാജ്യത്തെ ജനങ്ങളുടെ വ്യക്തിപരവും വിശ്വാസ പരവുമായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നതാണ് വിധി പ്രസ്താവന. ന്യായവും നീതിയും വിധിക്കേണ്ട കോടതികള്‍ പരസ്യമായി തന്നെ ഇസ്‌ലാം വിരോധം പ്രകടിപ്പിക്കുന്നതും പക്ഷപാതപരമായി വിധി പുറപ്പെടുവിക്കുന്നതും ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുമെന്ന് ഏകോപനസമിതി ഭാരവാഹികള്‍ പറഞ്ഞു.
വര്‍ഗീയപരമായതെന്ന് ധ്വനിപ്പിക്കുന്ന ഈ വിധിയിലെ അനീതിയും ഇസ്‌ലാം വിരുദ്ധതയും തിരുത്തേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ചാണ് 29ന് രാവിലെ 11 മണിക്ക് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ മുസ്‌ലിം ഏകോപന സമിതി തീരുമാനിച്ചിട്ടുള്ളത്. പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി, വി.കെ. ഷൗക്കത്തലി, സലിം കൗസരി, അനസ് റഹ്മാനി എന്നിവര്‍ പങ്കെടുത്തു.

chandrika: