X

മാണിക്ക് ഉന്നത പദവി വാഗ്ദാനം ചെയ്തിരുന്നതായി ജി. സുധാകരന്‍

 

നെടുങ്കണ്ടം: ഉത്തരവാദിത്തമുള്ള പ്രാധാന്യമുള്ള സ്ഥാനങ്ങളില്‍ കെ. എം. മാണിയെ ഇരുത്താമെന്ന് മുമ്പ് എല്‍. ഡി. എഫ്. പറഞ്ഞപ്പോള്‍ മാണി കേള്‍ക്കാതിരുന്നതാണ് ഇപ്പോള്‍ യു. ഡി. എഫിന്റെ അകത്തും പുറത്തും അല്ലാത്ത സ്ഥിതിയില്‍ എത്തിച്ചേരാനിടയായതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍.യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്ത് എല്‍.ഡി.എഫ് പറഞ്ഞത് കെ.എം.മാണി കേട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇപ്പോഴത്തെ ഗതി വരില്ലായിരുന്നു. 2012ല്‍ നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം മുഖവിലക്കെടുത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇന്ന് ആഗ്രഹിക്കുന്ന പദവില്‍ ഇരിക്കാമായിരുന്നു. കെ. എം. മാണിയെ എല്‍.ഡി.എഫ് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ മാണിയോട് വ്യക്തിപരമായ ഒരു പരിഗണന എന്നും എല്‍.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേക്കടി -മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം – കല്ലാറ്റിലെ പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിച്ച പുതിയ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിജ വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടിയില്‍ തെറ്റൊന്നുമില്ല.സമരം നടത്താനെത്തിയവര്‍ ഉച്ചത്തില്‍ അലറിക്കൊണ്ട് ചക്കവെട്ടിയിട്ടപോലെ നിലത്തേക്ക് വീണപ്പോള്‍ വനിതാ പോലീസുകാര്‍ അവരെ പിടിച്ച് ഉയര്‍ത്തുകമാത്രമാണ് ചെയ്തത്.ആ സമയം പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ അവിടെ ലാത്തിച്ചാര്‍ജും,വെടിവെപ്പും ഉണ്ടായേനെയെന്നും മന്ത്രി പറഞ്ഞു. വികസനകാര്യങ്ങളില്‍ മോദിയുടെ സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്താറില്ലന്നും യു.പി.എ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് പദ്ധതികള്‍ക്കായി അയക്കുന്ന കത്തിന് മറുപടിപോലും ലഭിക്കുമായിരുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെതടക്കം ഇപ്പോഴത്തെ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വികസന പദ്ധതികളോട് കേന്ദ്രസര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ജി.സുധാകരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളായ സ്വച്ചഭാരത് മിഷനും,സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയും ആദ്യം നടപ്പാക്കിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാരാണ്. എന്നാല്‍ ഇതൊന്നും കാണാതെ ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെ അതിരുകടന്ന് ആക്രമിക്കുകയാണെന്നും ഇതു കണ്ട് എല്‍. ഡി. എഫ്. സര്‍ക്കാര്‍ ഭയപ്പെടില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.

chandrika: