X

ഹിലരിക്ക് ആശ്വാസമായി എഫ്.ബി.ഐ തീരുമാനം

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് ആശ്വാസമായി എഫ്.ബി.ഐ തീരുമാനം. ഹിലരിക്കെതിരെ ഉയര്‍ന്ന ഇ മെയില്‍ വിവാദത്തില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി ആവശ്യമില്ലെന്ന് എഫ്.ബി.ഐ ഡയരക്ടര്‍ ജെയിംസ് കോമി വ്യക്തമാക്കി.

പുതിയ റിവ്യൂ പെറ്റീഷന്‍ ലഭിച്ച ശേഷം രാപ്പകല്‍ വ്യത്യാസമില്ലാതെ ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിച്ചു വരികയായിരുന്നുവെന്ന് എഫ്.ബി.ഐ ഡയരക്ടര്‍ വ്യക്തമാക്കി. ക്ലിന്റന്റെ സഹായി ഹ്യൂമ ആബിദിന്റെ ഭര്‍ത്താവും മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗവുമായ ആന്റണി വീനറിന്റെ ഡിവൈസില്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്ത വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇ മെയില്‍ സന്ദേശങ്ങളും പരിശോധനക്ക് വിധേയമാക്കി. ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കേണ്ട തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും ഈ സാഹചര്യത്തില്‍ ഈവര്‍ഷമാദ്യം ഇതുസംബന്ധിച്ച പരാതിയില്‍ സ്വീകരിച്ച നിലപാടില്‍ എഫ്.ബി.ഐ ഉറച്ചു നില്‍ക്കുകയാണെന്നും ജെയിംസ് കോമി പറഞ്ഞു.

പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇ മെയില്‍ വിവാദം ഉയര്‍ന്നുവന്നത് ഹിലരി ക്യാമ്പിനെ അങ്കലാപ്പിലാക്കിയിരുന്നു. അവസരം മുതലെടുത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, ക്ലിന്റണ്‍ പ്രസിഡണ്ട് പദത്തില്‍ എത്തിയാലും അന്വേഷണം നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എഫ്.ബി.ഐ സ്വീകരിച്ച നിലപാട് ഹിലരിക്ക് വലിയ ആശ്വാസമാകും.

chandrika: