X

പുണ്യ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂഥി മിസൈല്‍: ഖത്തര്‍ അപലപിച്ചു

ദോഹ: മൂസ്്‌ലിംകളുടെ പുണ്യ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂഥി ഭീകരര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ആക്രമണത്തെ ഖത്തര്‍ അപലപിച്ചത്. വളരെ നിന്ദ്യവും ലജ്ജാകരവുമായ നീക്കമാണ് ഹൂഥി ഭീകരര്‍ നടത്തിയതെന്നും ലോകത്തെ ഒന്നടങ്കമുള്ള മുസ്്‌ലിംകളുടെ പരിശുദ്ധ കേന്ദ്രമായ മക്കയ്‌ക്കെതിരായ ആക്രമണ നീക്കം പ്രകോപനപരമാണെന്നും ഖത്തര്‍ വ്യക്തമാക്കി.
ഹൂഥികളുടെ നിരന്തരമായ അതിക്രമത്തിനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളോടുള്ള അവരുടെ നിഷേധാത്മക സമീപനത്തിനുമുള്ള തെളിവാണ് ഈ ആക്രമണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യമനില്‍ വെടിനിര്‍ത്തല്‍ കൊണ്ട് വരാനും അതിലൂടെ സമാധാനം പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ തകിടം മറിക്കാനാണ് ഹൂഥികള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സഊദിയിലെ പരിശുദ്ധ ഭൂമിക്കുനേരെ അവര്‍ മിസൈല്‍ തൊടുത്തുവിട്ടിരിക്കുന്നത്.
രാജ്യത്തിന്റെയും മേഖലയുടെയും സമാധാനത്തിന് സഊദി നടത്തുന്ന ഏത് നീക്കങ്ങളെയും പൂര്‍ണ്ണമായി പിന്തുണക്കുമെന്നു ഖത്തര്‍ പ്രസതാവനയില്‍ വ്യക്തമാക്കി. യമനില്‍ സമാധാനം തിരിച്ചു കൊണ്ടുവരുന്നതിന് യു.എന്‍ പ്രമേയത്തിന്റെ ചുവട് പിടിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളും സമാധാന നീക്കങ്ങളുമായി മൂന്നോട്ട് പോകാനുള്ള സഊദിയുടെ ശ്രമങ്ങളെ തുടര്‍ന്നും പിന്തുണക്കുമെന്നും ഖത്തര്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് മക്കയ്ക്കു നേരെ ഹൂഥി ആക്രമണം ഉണ്ടായത്. യമനിലെ സആദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ തൊടുത്തുവിട്ടത്.

മിസൈല്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ അറബ് സേന ഇതു തകര്‍ക്കുകയായിരുന്നു. മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ സ്ഥിതി ചെയ്യുന്നത്. അറബ് സഖ്യസേനയുടെ തക്കസമയത്തെ ജാഗ്രതയാണു വന്‍ദുരന്തം ഇല്ലാതാക്കിയത്.
മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നുവെന്ന് സഊദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചത്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഹൂതികള്‍ക്കു പരിശീലനം നല്‍കുന്നത് ഇറാനും ഹിസ്ബുല്ല സേനയുമാണെന്ന് ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സഊദി വ്യക്തമാക്കിയിട്ടുണ്ട്.

chandrika: