X
    Categories: Video Stories

മുസ്‌ലിംകളെ ആക്രമിക്കുമ്പോള്‍ മോദി എവിടെ? രൂക്ഷ വിമര്‍ശനവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മൗനം പാലിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത് റോത്ത് ആണ് മോദിയെ പേരെടുത്ത് വിമര്‍ശിച്ചിരിക്കുന്നത്.

ഇസ്ലാമിലേക്ക് മതംമാറിയ ദളിത് യുവാവിനെ ബജ്‌റംഗ്ദള്‍ തീവ്രവാദികള്‍ അക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്താണ് കെന്നത് റോത്തിന്റെ പ്രതികരണം. ‘ഇന്ത്യയില്‍ മതസ്വാതന്ത്ര്യമോ? എല്ലാവര്‍ക്കുമില്ല’ എന്ന തലക്കെട്ടിലുള്ള ഡി.ഡബ്ല്യൂ ന്യൂസിന്റെ വീഡിയോയ്‌ക്കൊപ്പം റോത്ത് കുറിച്ചതിങ്ങനെ:

‘ഹിന്ദു ദേശീയവാദികള്‍ മുസ്‌ലിംകള്‍ക്കു നേരെ അക്രമങ്ങള്‍ നടത്തുമ്പോള്‍ അതിനെ അപലപിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം എവിടെ?’

ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഭരിക്കുന്ന ബിഹാറിലാണ് ബജ്‌റംഗ്ദള്‍ ഇസ്ലാം മതത്തില്‍ വിശ്വസിച്ച പവന്‍ കുമാര്‍ എന്ന ദളിത് യുവാവിനെതിരെ നിഷ്ഠുരമായ അക്രമങ്ങള്‍ നടത്തിയത്. ഇദ്ദേഹത്തിന്റെ തൊപ്പി വലിച്ചെടുക്കുന്നതും താടി വടിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ഇസ്ലാമിനെ മനസ്സിലാക്കിയാണ് താന്‍ മതംമാറിയതെന്ന് പവന്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കെന്നത്ത് റോത്തിന്റെ ട്വീറ്റില്‍ പൊങ്കാലയുമായി സംഘ് പരിവാര്‍ അണികളും മോദി ഭക്തരും എത്തിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: