X

സിറിയയില്‍ സൈന്യം കൂട്ടക്കുരുതി തുടരുന്നു

 

ദമസ്‌കസ്: സിറിയയില്‍ തലസ്ഥാനമായ ദമസ്‌കസിന്റെ പ്രാന്തപ്രദേശമായ കിഴക്കന്‍ ഗൂതയില്‍ കഴിഞ്ഞ 12 ദിവസമായി ബഷര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന വ്യോമാക്രമണത്തില്‍ 674 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ദി വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഫെബ്രുവരി 18 മുതലാണ് റഷ്യയുടെ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ ജനനിബിഡമായ ഗുതയില്‍ വ്യോമാക്രമണം ആരംഭിച്ചത്. നാല് ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന കിഴക്കന്‍ ഗൂത 2003ല്‍ വിമത സേന കൈയ്യടക്കിയതിനു ശേഷം സിറിയന്‍ സേനയുടെ ഉപരോധത്തിന് കീഴിയിലാണ്.
കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നിരപരാധികള്‍ക്കു മേല്‍ സിറിയന്‍ സേന നടത്തുന്ന വ്യോമാക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിക്കുന്നുണ്ടെങ്കിലും ശനിയാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെടുകയായിരുന്നു. സിറിയന്‍ സേനയുടെ വ്യമോക്രമണം ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം 22 കുട്ടികളും 43 സ്ത്രീകളുമടക്കം 103 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹെല്‍മറ്റ് അംഗം മഹ്മൂദ് ആദം അറിയിച്ചു.
കിഴക്കന്‍ ഗൂതയില്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സിറിയന്‍, റഷ്യന്‍ പോര്‍വിമാനങ്ങളുടെ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിവസവും അഞ്ചു മണിക്കൂര്‍ ഇളവാണ് റഷ്യന്‍ സേന ഗൂതയിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. വൈദ്യസഹായത്തിനും അവശ്യ വസ്തുക്കള്‍ സ്വന്തമാക്കുവാനുമാണിത്. എന്നാല്‍ റഷ്യയുടെ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് പ്രദേശ വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഗൂതയിലുള്ളവരുടെ കാര്യത്തില്‍ യാതൊരു സുരക്ഷിതത്വവുമില്ലെന്നും ഏതു വിധേനയും പ്രദേശവാസികളെ തുടച്ചു നീക്കാനാണ് ബഷര്‍ അല്‍ അസദിന്റെ സേന ശ്രമിക്കുന്നതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
സിവിലിയന്‍മാര്‍ക്കു നേരെ ഏകപക്ഷീയമായി ആക്രമണം നടത്തുന്ന റഷ്യയുടേയും സിറിയയുടേയും സേനകളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ദൂമ നഗരത്തിലെ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുല്‍ മാലി അബൂദ് പറയുന്നു.
ആക്രമണം രൂക്ഷമായതോടെ ആയിരങ്ങളാണ് ഭൂഗര്‍ഭ അറകളിലും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ അഭയ സ്ഥാനങ്ങളിലുമായി കഴിയുന്നത്. വെള്ളവും വെളിച്ചവും ഭക്ഷണവുമടക്കം അവശ്യ സാധനങ്ങളുടെ അഭാവം പല അഭയ കേന്ദ്രങ്ങളേയും നരഗ തുല്യമാക്കിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

chandrika: