X

ഐ ലീഗിലും മലയാളി ആവേശം ഗോകുലം എഫ്.സിക്ക് അംഗീകാരം; മലപ്പുറത്തു നിന്ന് ഐ ലീഗിലെത്തുന്ന ആദ്യ ക്ലബ്ബ്

മലയാളി ഫുട്‌ബോള്‍ ആരാധകരുടെ കയ്യടി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കടന്ന് ഐ ലീഗിലേക്കും. ഇന്നലെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) യോഗം ഗോകുലത്തിന്റെ ബിഡ് അംഗീകരിച്ചതോടെയാണ് മലപ്പുറം ആസ്ഥാനമായുള്ള ക്ലബ്ബിന് ദേശീയ ലീഗിലേക്ക് വാതില്‍ തുറന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും.

അര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് കേരളത്തില്‍ നിന്നുള്ള ടീം ഐ ലീഗില്‍ പന്തുതട്ടാനൊരുങ്ങുന്നത്. 2011-12 സീസണില്‍ കളിച്ച വിവാ കേരളയാണ് അവസാനമായി കേരളത്തെ ഐലീഗില്‍ പ്രതിനിധീകരിച്ചത്. കേരള പോലീസ്, എഫ്.സി കൊച്ചിന്‍, എസ്.ബി.ടി എന്നിവയും മുമ്പ് ഐലീഗ് കളിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ പ്രണയത്തിനു പേരുകേട്ട മലപ്പുറത്തുനിന്നും ഐ ലീഗിലെത്തുന്ന ആദ്യ ക്ലബ്ബാണ് ഗോകുലം എഫ്.സി. നവീകരണം പൂര്‍ത്തിയായാല്‍ മഞ്ചേരി പയ്യനാടിലെ ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടിലാകും ഗോകുലം എഫ്.സിയുടെ ഹോം മത്സരങ്ങള്‍.
ഐ ലീഗ് പ്രവേശത്തിനുള്ള ഒരുക്കങ്ങള്‍ ഗോകുലം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ബിനോ ജോര്‍ജ് കോച്ചും ഷാജിറുദ്ദീന്‍ അസിസ്റ്റന്റ് കോച്ചുമായിട്ടുള്ള ഗോകുലം സീസണിലെ ആദ്യ ടൂര്‍ണമെന്റായ എവസ് കപ്പില്‍ ഫൈനലിലെത്തി. കഴിഞ്ഞ ദിവസം ഫൈനലില്‍ ഡെംപോ എഫ് സിയോട് ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്.
മലപ്പുറം കോട്ടപ്പടി സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. പയ്യനാട് സ്‌റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കളിപ്രേമത്തിനും കാണികളുടെ ആവേശത്തിനും പേരുകേട്ട മലപ്പുറത്തു നിന്ന് ഐലീഗ് ക്ലബ്ബ് വരുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഐ.എസ്.എല്ലില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിനു ലഭിക്കുന്ന പിന്തുണ ഗോകുലത്തിന്റെ സ്വപ്‌നങ്ങള്‍ക്കും മാറ്റ് വര്‍ധിപ്പിക്കുന്നു. കൂടുതല്‍ മലയാളി താരങ്ങള്‍ക്ക് ദേശീയ തലത്തില്‍ അവസരം ലഭിക്കാന്‍ ഗോകുലത്തിന്റെ ഐലീഗ് പ്രവേശം കാരണമാകും എന്നാണ് പ്രതീക്ഷ. നിലവില്‍ ആഷിഖ് ഉസ്മാന്‍, ഉമേഷ് പേരാമ്പ്ര, ഇര്‍ഷാദ്, നാസര്‍, ബിജേഷ് ബാലന്‍, ഷിഹാദ് നെല്ലിപ്പറമ്പന്‍ തുടങ്ങി മലയാളികളായ മികച്ച യുവതാരങ്ങള്‍ ഗോകുലത്തിലുണ്ട്.

chandrika: