X

അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

 

കറാച്ചി: പാകിസ്താനില്‍ തങ്ങുന്ന അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അഭയാര്‍ത്ഥി വിഷയത്തില്‍ പാകിസ്താന്റെ മുന്‍ നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായ നീക്കമാണ് ഇമ്രാന്‍ഖാന്‍ നടത്തുന്നത്. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 13.9 അഫ്ഗാന്‍ അഭയാര്‍ത്ഥികളുണ്ടെന്നാണ് യു.എന്‍ കണക്ക്. 1970കളിലെ സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്നാണ് പാകിസ്താനിലേക്ക് അഫ്ഗാന്‍ അഭയാര്‍ത്ഥി ഒഴുക്ക് തുടങ്ങിയത്.
2001ലെ അമേരിക്കന്‍ അധിനിവേശത്തോടെ രാജ്യത്തേക്ക് വീണ്ടും അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. അഫ്ഗന്‍ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും മുപ്പത് വര്‍ഷത്തിലേറെയായി രാജ്യത്ത് തങ്ങുന്നവരാണ്. രണ്ട് ലക്ഷത്തിലേറെ ബംഗ്ലാദേശ് അഭയാര്‍ത്ഥികളില്‍ ഏറെയും കറാച്ചിയിലാണ് താമസിക്കുന്നത്. 40 വര്‍ഷത്തിലേറെ കാലമായി പാകിസ്താനില്‍ താമസിക്കുന്ന പാവപ്പെട്ട അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിച്ച് പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്ന് ഇമ്രാന്‍ഖാന്‍ അറിയിച്ചു. അവരുടെ കുട്ടികള്‍ ഈ മണ്ണിലാണ് ജനിച്ച് വളര്‍ന്നത്. ലോകത്തെ മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ നാം എന്തിനാണ് അഭയാര്‍ത്ഥികളോട് അനീതി കാണിക്കുന്നത്?-അദ്ദേഹം ചോദിച്ചു. അഭയാര്‍ത്ഥികളോടുള്ള ഇമ്രാന്‍ഖാന്റെ അനുകൂല സമീപനം പാക് സൈന്യത്തെ ചൊടിപ്പിച്ചേക്കും.

chandrika: