X

ഓര്‍മ്മകളുടെ ‘ജമാലിയ്യത്തില്‍’ അവര്‍ സുമംഗലികളായി

കെ.പി മുഹമ്മദ് പേരോട്

താഴ്മയുടെ പ്രതിരൂപവും അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിറകുകളുമായി നമുക്കിടിയിലൂടെ നടന്നു പോയ, ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജമാലുപ്പയെന്ന് നാം പേരിട്ടു വിളിച്ച എം.എ മുമുഹമ്മദ് ജമാല്‍ സാഹിബിന്റെ വിയോഗാന്തരമുള്ള, മുട്ടില്‍ യതീംഖാനയുടെ പതിനാറാമത് സമൂഹ വിവാഹ നടക്കുകയുണ്ടായി. മുട്ടില്‍ മലയുടെ താഴ്വാരത്ത്, കനിവിന്റെയും സ്നേഹത്തിന്റെയും സുഗന്ധ വാഹികളായ കുളിര്‍ക്കാറ്റുകളില്‍ പോലും പക്ഷേ ഒരു മൂഖത അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ ‘സച്ചരിതരുടെ ഉദ്യാനത്തിലേക്ക്’ മുമ്പ് പല തവണ കടന്നു ചെന്നിട്ടുണ്ടെങ്കിലും അതു പോലെയായിരുന്നില്ല ഇത്തവണത്തേത്. കാല്‍ നൂറ്റാണ്ട് കാലത്തിലേറെ ആ മഹാസൗധത്തിന്റെ ഉമ്മറത്തുണ്ടായിരുന്ന, അഴകൊത്തെ പുഞ്ചിരിയുടെയും ആരെയും ആകര്‍ഷിക്കുന്ന സ്നേഹവായ്പുകളുടെയും ജമാലിയത്തുള്ള ആ മഹാസാന്നിദ്ധ്യത്തെ അറിയാതെയെങ്കിലും പലരും പരതുന്നുണ്ടായിരുന്നു. എം.എ മുഹമ്മദ് ജമാല്‍ സാഹിബെന്ന മഹാമനീഷിയെ. വിശേഷണങ്ങള്‍ക്കപ്പുറത്ത് തലമുറകളെ ചോദിപ്പിച്ച ആ അതികായന്റെ പേര് പോലെ തന്നെ സുന്ദരമായ ഓര്‍മ്മകളായിരുന്നു ആ മംഗലപ്പന്തലിലാകെ മുറ്റി നിന്നത്.

2005ല്‍ സ്ത്രീധന രഹിത സമൂഹ വിവാഹം എന്ന ആശയവുമായി വയനാട് മുസ്ലിം യതീംഖാന മുന്നോട്ട് വരുമ്പേള്‍, അതിനെ അനിവാര്യമാക്കുന്ന നിരവധി സാമൂഹിക സാഹചര്യങ്ങള്‍ വയനാട് ജില്ലയിലും സമീപത്തുമായി ഉണ്ടായിരുന്നു. മൈസൂര്‍ കല്യാണങ്ങളും കുടക് കല്യാണങ്ങളും തീര്‍ക്കുന്ന അനിശ്ചിത്വത്തിലേക്ക് നിരവധി കൂടുംബങ്ങളെ തള്ളപ്പെടേണ്ടി വരുന്ന സാഹചര്യം. കല്യാണാന്തരം അവര്‍ കടന്നു പോവുന്ന മാനസികവും സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകള്‍ ഒരു വലിയ ചോദ്യ ചിഹ്നമായിരുന്നു. സ്ത്രീധന പീഢകള്‍ മറ്റൊരു വശത്ത് കൂടി സമൂഹത്തെ കാര്‍ന്ന് തിന്നുകയും ചെയ്യുന്ന ആ അസന്നിഗ്ദ ഘട്ടത്തില്‍ നിസ്സഹായമായി നോക്കി നില്‍ക്കാന്‍ വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ സാരഥ്യത്തിലിരിക്കുന്ന പ്രിയപ്പെട്ട ജമാല്‍ സാഹിബിന് സാധിക്കുമായിരുന്നില്ല.

കാരണം, അനാഥരെ എടുത്ത് വളര്‍ത്തുന്നതിന്റെ സാമ്പ്രദായിക ചട്ടങ്ങളെയും സങ്കല്‍പ്പങ്ങളെയും മാറ്റിത്തിരുത്തിയാണ് ജമാല്‍ സാഹിബെന്ന യുഗപുരുഷന്റെ കടന്നു വരവ് തന്നെ. അനാഥര്‍ക്കും ആശ്രിതര്‍ക്കും എക്കാലത്തും ആശ്വസിക്കാവുന്നൊരു തണലിടമായി വയനാട് മുസ്ലിം ഓര്‍ഫനേജിനെ അദ്ദേഹം വികസിപ്പിച്ചു. യത്തീംഖനാകളുടെ പ്രകൃതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളേ അദ്ദേഹം പൊളിച്ചെഴുതി. അനാഥരെ ഏറ്റെടുത്ത് വളര്‍ത്തുക എന്നതിലുപരി അവരെ സ്വതന്ത്രരും സ്വയംപര്യാപ്തരുമാക്കിത്തീര്‍ക്കാന്‍ വേണ്ട ഭൗതികവും ബൗദ്ധികവുമായ വ്യവഹാരങ്ങളെ കുറിച്ച് അദ്ദേഹം സ്വപ്നം കാണുകയും അത് പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. ഒരു കുഞ്ഞിനോടുള്ള പെരുമാറ്റം പോലും ഔദാര്യപരമായ വാത്സല്യം എന്നതിലപ്പുറം ആദരവിന്റെ അവകാശികളെന്ന് പൊതു ബോധത്തിലേക്കുള്ള അതൊരു സാമുഹിക മാറ്റത്തിന് ജമാല്‍ സാഹിബ് നിതാനമായി.
അതുകൊണ്ടു തന്നെ, തന്റെ ആരാമത്തില്‍ പറന്നു നടന്ന വളര്‍ന്ന ശലഭങ്ങളുടെ കുടുംബ ജീവിതം പോലും തുടര്‍ന്നു സുന്ദരമാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീധന പീഡകളിലേക്കോ, മറ്റു സാമൂഹിക വിപത്തുകളിലേക്ക് തന്റെ കുഞ്ഞുങ്ങളെ തള്ളിവിടാന്‍ ജമാല്‍ സാഹിബ് ഒരുക്കമല്ലായിരുന്നു. അത്തരം ചിന്തകളില്‍ നിന്നാണ് സമൂഹ വിവാഹമെന്ന് ആശയം ഉദിക്കുന്നതും പ്രവാസികളുടെയും നാട്ടുകാരുടെയും കൈയഴിഞ്ഞ സഹായത്താല്‍ ആ മഹത്തായ പദ്ധതി ഇന്ന്, പതിനാറാമത് ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നതും.

പ്രായത്തിന്റെ വിവശതകളില്‍ വിവാഹം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന അനേക സ്ത്രീകള്‍, അവരെ മംഗലപ്പന്തലിലേക്ക് കൈപിടിച്ചു കൊണ്ടു പോവാന്‍ ഉറ്റവരും ഉടയവരുമില്ലാത്ത നിസ്സംഗമായ കുടുംബ സാഹചര്യങ്ങളിലൊക്കെയാണ് ജമാല്‍ സാഹിബിന്റെ ഊഷ്മളമായ കരുതലും ദീര്‍ഘവീക്ഷണവും നനവും കുളിരും പടര്‍ത്തിയത്.

കഴിഞ്ഞ ദിവസം മുട്ടില്‍ മലയുടെ താഴ് വാരത്തെ, ജമാല്‍ സാഹിബിന്റെ ഓര്‍മ്മകളും അനുഭവങ്ങളും തിങ്ങി നിറഞ്ഞ് വീര്‍പ്പ് മുട്ടിയ അന്തരീക്ഷത്തില്‍, ജാതിമത വര്‍ഗ വര്‍ണ ഭേദമന്യേ മാനവ സാഹോദര്യത്തിന്റെ മഹത്തായ പ്രഖ്യാപനമായി പതിനാറാമത് സമൂഹ വിവാഹം നടന്നു. ആ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളാവാന്‍ സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവര്‍ ഒഴുകിയെത്തി. പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ കാര്‍മ്മികത്വത്തില്‍ നടന്ന പിറകെ 17 മുസ്ലിം ദമ്പതികളുടെ വിവാഹ നടത്തി. ആദ്യം രണ്ട് ഹൈന്ദവ ദമ്പതികളുടെ വിവാഹവും നടന്നു. വഴികാട്ടികള്‍ നടന്നു പോയാലും അവര്‍ കാണിച്ച വഴികള്‍ അനേകം സുകൃതങ്ങള്‍ക്കുള്ള പെയ്തിറങ്ങാനുള്ള നിമിത്തങ്ങളാണന്നതില്‍ സംശയമില്ല. ചന്ദ്രിക പുറത്തിറക്കിയ ജമാല്‍ സാഹിബ് ഓര്‍മ്മപ്പതിപ്പും വേദിയില്‍ വെച്ച് വന്ദ്യരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ സാധിച്ചതും എന്റെ വ്യക്തിജീവിതത്തില്‍ പോലും ആ ഓര്‍മ്മകളും ഇടപഴക്കങ്ങളും എന്നും മരണമില്ലാതെ തുടരുന്നുവെന്ന തോന്നലാണ് സൃഷ്ടിക്കുന്നതെന്ന് പറയാതെ വയ്യ.

webdesk14: