X

വീണ്ടും വികാരാധീനനായി മോദി: അഴിമതിയോട് യുദ്ധം ചെയ്യുന്നത് ഒരു തെറ്റാണോ?

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനജീവിതം ദുസ്സഹമാക്കിയതോടെ വീണ്ടും വികാരപ്രകടനവും ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ താന്‍ യുദ്ധം നയിക്കുമ്പോള്‍ സ്വന്തം രാജ്യത്തു തന്നെ ചിലയാളുകള്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്ന് യു.പിയിലെ മുറാദാബാദില്‍ ബി.ജെ.പിയുടെ ‘പരിവര്‍ത്തന്‍’ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. നോട്ട് പിന്‍വലിച്ചതോടെ കള്ളപ്പണക്കാര്‍ പാവങ്ങളുടെ വീടുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുകയാണെന്നും, രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന ക്യൂ എല്ലാ ക്യൂകളും അവസാനിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ പാര്‍ലമെന്റിനെ വിശദമായി അഭിസംബോധന ചെയ്യാന്‍ മോദി തയാറായിരുന്നില്ല. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഈ മറുപടിയില്‍ തൃപ്തരാവാതെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അടക്കമുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടാക്കി. ഇതോടെ ചര്‍ച്ച പോലും ചെയ്യാതെ ലോക്‌സഭയില്‍ ശബ്ദവോട്ടോടെ ധനബില്‍ പാസാക്കേണ്ടിയും വന്നു.

ഗോവയില്‍ ബി.ജെ.പിയുടെ സമ്മേളനത്തില്‍ ഗദ്ഗധ കണ്ഠനായി താന്‍ വീടും ഭാര്യയെയും ഉപേക്ഷിച്ചത് രാജ്യത്തിനു വേണ്ടിയാണെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഫലം ഇതുകൊണ്ടുണ്ടായില്ല. പിന്നീട് ബി.ജെ.പി എം.പിമാരുടെ യോഗത്തിലും മോദിയുടെ ആയുധം വികാരമായിരുന്നു. ഇതിനു പിന്നാലെയാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റാലിയിലും മോദിയുടെ കണ്ണീര്‍ വാചക പ്രയോഗം.
സാമ്പത്തിക സ്തംഭന ദുരിതം കാരണം 80-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും കോടിക്കണക്കിനു പേരുടെ ജോലിയും വരുമാനവും നഷ്ടമാവുകയും ചെയ്‌തെങ്കിലും, അക്കാര്യത്തെപ്പറ്റി മിണ്ടാതെ തന്റെ നീക്കം സാധാരണക്കാര്‍ ഏറ്റെടുത്തുവെന്നാണ് മോദി ഇന്നും അവകാശപ്പെട്ടത്. ജനങ്ങളുടെ കഠിനാധ്വാനവും ബുദ്ധിമുട്ടും വെറുതെയാവില്ലെന്നും കര്‍ഷകര്‍ പ്രതിസന്ധി മറികടന്നുവെന്നും മോദി അവകാശപ്പെട്ടു. ഈ വര്‍ഷത്തെ വിളവെടുപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: