X

ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് കോച്ചില്ല, കോലിയുമായി ചര്‍ച്ചയെന്ന് ഗാംഗുലി പരിശീലകന്‍ വൈകും

 
മുംബൈ: ഈ മാസം 26ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് പരിശീലകനുണ്ടാവില്ല. പുതിയ പരിശീലകനെ കണ്ടെത്താന്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. പുതിയ കോച്ചിനെ നിയമിക്കുന്നതില്‍ തിടുക്കമില്ലെന്നും ക്യാപ്റ്റന്‍ വിരാത് കോലിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമായിരിക്കും പുതിയ പരിശീലകനെ നിയോഗിക്കുകയുള്ളൂവെന്നും ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. വിരാത് കോലി വിന്‍ഡീസ് പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ഉപദേശക സമിതി പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ ലാല്‍ചന്ദ് രാജ്പുത്, റിച്ചാര്‍ഡ് പൈബസ്, ടോം മൂഡി, വീരേന്ദര്‍ സേവാഗ്, രവിശാസ്ത്രി എന്നിവരുമായി അഭിമുഖം നടത്തി. വിന്‍ഡീസുകാരന്‍ ഫില്‍ സിമണ്‍സ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അഭിമുഖത്തിന് എത്തിയില്ല. സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും നേരിട്ട് അഭിമുഖത്തിനെത്തിയപ്പോള്‍ സച്ചിന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് അപേക്ഷകരുമായി സംസാരിച്ചത്. തിടുക്കത്തില്‍ പരിശീലകനെ നിയമിക്കുന്നതില്‍ കാര്യമില്ല. ഒരാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കും. തല്‍ക്കാലം നിലവിലുളള സ്ഥിതി തുടരട്ടെ-ഗാംഗുലി വ്യക്തമാക്കി. ഉപദേശക സമിതിയിലെ മൂന്നംഗങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നതരും വിരാത് കോലിയുമായി ചര്‍ച്ചകള്‍ നടത്തും. പരിശീലകന് പ്രവര്‍ത്തിക്കാന്‍ വേണ്ട സാഹചര്യങ്ങളെക്കുറിച്ച് ക്യാപ്റ്റനുമായി സംസാരിക്കും. പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എല്ലാവരും ഒരേ അഭിപ്രായത്തില്‍ എത്തേണ്ടതുണ്ട്. പുതിയ പരിശീലകന്‍ 2019 ലെ ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിനൊപ്പം വേണ്ട ആളാണെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ വിരാത് കോലി പരിശീലകന്റെ കാര്യത്തില്‍ ഒരു പേരും നിര്‍ദ്ദേശിച്ചിട്ടില്ല. അദ്ദേഹം ഉപാധികളും വെച്ചിട്ടില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ക്രിക്കറ്റില്‍ ക്യാപ്റ്റന് പ്രധാന റോളുണ്ട്. അതിനാല്‍ അദ്ദേഹവുമായി ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തേണ്ടി വരും. ഞങ്ങളല്ല പരിശീലകനുമായി ഇടപഴകുന്നത്. താരങ്ങളാണ്. അതിനാല്‍ അവരുടെ അഭിപ്രായവും കേള്‍ക്കേണ്ടതുണ്ടെന്നും സൗരവ് വ്യക്തമാക്കി.

ശാസ്ത്രിക്ക് പാരയായി ദാദ, കോലിക്ക് താല്‍പ്പര്യം ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ നിയോഗിക്കുന്നതിലെ ചര്‍ച്ചകള്‍ തീരുമാനമാവാതെ പിരിഞ്ഞതിന് പിറകില്‍ ക്യാപ്റ്റന്‍ വിരാത് കോലിയുടെ രവിശാസ്ത്രി താല്‍പ്പര്യവും ഉപദേശക സമിതിയിലെ സീനിയര്‍ അംഗം സൗരവ് ഗാംഗുലിയുടെ രവിശാസ്ത്രി എതിര്‍പ്പും. അനില്‍ കുംബ്ലെയുമായി തെറ്റിപിരിഞ്ഞ വിരാത് കോലി പലരോടും പറഞ്ഞിട്ടുണ്ട് ശാസ്ത്രിയെ പോലെ ഒരു പരിശീലകനെയാണ് ടീമിന് വേണ്ടതെന്ന്. എന്നാല്‍ മുമ്പ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുകയും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തയാളാണ് ബംഗാള്‍ ക്രിക്കറ്റ് ്അസോസിയേഷന്‍ തലവനായ സൗരവ് ഗാംഗുലി. ഇന്നലെ മുംബൈയില്‍ ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ എല്ലാവരുമായും സംസാരിച്ചു. ഏറ്റവും കുറച്ച് സമയം മാത്രം സംസാരിച്ചത് ശാസ്ത്രിയോടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ശാസ്ത്രിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ട്. താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ശൈലിക്കാരനാണ് ശാസ്ത്രി. എന്നാല്‍ ഈ ശൈലി ഗുണം ചെയ്യില്ലെന്ന് നിലപാടാണ് ഗാംഗുലിക്ക്. പരിശീലകനെ നിയമിക്കുമ്പോള്‍ എല്ലാവര്‍ക്കും യോജിച്ച ഒരാള്‍ വേണമെന്നും അദ്ദേഹത്തിന്റെ ശൈലി എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നും പറഞ്ഞാണ് ഇന്നലത്തെ ചര്‍ച്ചകള്‍ ഗാംഗുലി അവസാനിപ്പിച്ചത്. ഇക്കാര്യത്തില്‍ വിരാത് കോലിയുമായി ചര്‍ച്ചകള്‍ അദ്ദേഹം നടത്തും. നിലവില്‍ വിന്‍ഡീസിലാണ് കോലിയും സംഘവും. നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കോലിക്ക് ബോധ്യപെടുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. സേവാഗിനോട് ഗാംഗൂലിക്ക് താല്‍പ്പര്യക്കുറവില്ല. കോലിക്കും ഡല്‍ഹിക്കാരനായ മുന്‍ സഹതാരത്തോട് എതിര്‍പ്പില്ല. അടുത്ത ലോകകപ്പ് വരെ പുതിയ പരിശീലകന്‍ തുടരുമെന്നിരിക്കെയാണ് എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തണമെന്ന വാദം ഗാംഗുലി ഉന്നയിച്ചത്. ശാസ്ത്രിയെ അനുകൂലിക്കുന്നവര്‍ ഇന്നലെ തന്നെ അദ്ദേഹത്തെ തെരഞ്ഞെടുത്ത പ്രഖ്യാപനം വരുമെന്നാണ് കരുതിയത്. എന്നാല്‍ ഗാംഗുലിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരെ അദ്ദേഹം കാര്യങ്ങള്‍ അറിയിച്ചു. അവരും പറഞ്ഞത് തിടുക്കത്തില്‍ പ്രഖ്യാപനം വേണ്ടെന്നാണ്. തീരുമാനം വൈകും തോറും അത് ശാസ്ത്രിയെ ബാധിക്കും. സൗരവിനെതിരെ പലപ്പോഴായി ശാസ്ത്രി രംഗത്ത് വന്നതും ഈ ഘട്ടത്തില്‍ കൂട്ടി വായിക്കണം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് മികച്ച നായകരില്‍ കപില്‍ദേവ്, മന്‍സൂര്‍ അലിഖാന്‍ പട്ടോഡി, അജിത് വഡേക്കര്‍ എന്നിവരുടെ പേരുകള്‍ ശാസ്ത്രി പറഞ്ഞപ്പോള്‍ എല്ലാവരും അംഗീകരിക്കുന്ന നായകനായ സൗരവിന്റെ നാമം ശാസ്ത്രി പരാമര്‍ശിച്ചിരുന്നില്ല.

chandrika: