X
    Categories: main stories

മോദി ഭരണത്തില്‍ തകര്‍ന്നടിഞ്ഞ് രാജ്യം; ജിഡിപിയില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെയാവുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ന്നടിയുന്നു. ആളോഹരി ജിഡിപിയില്‍ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്നാണ് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്)യുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ജിഡിപിയില്‍ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ചൊവ്വാഴ്ച പുറത്തുവിട്ട ‘വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ആകുമ്പോള്‍ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളര്‍ ആയി ഇടിയുമെന്നാണ് പ്രവചനം. ജൂണിലെ പ്രവചനത്തില്‍ 4.5% ഇടിവുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം, ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വര്‍ധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തില്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 4.4% ചുരുങ്ങുമെന്നും 2021ല്‍ 5.2 ശതമാനമായി വര്‍ധിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രതികൂലമായി ബാധിച്ചത്. നോട്ട് നിരോധനം, തിരക്കിട്ട് നടപ്പാക്കിയ ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ സാമ്പത്തിക ഭദ്രത തകര്‍ത്തും. ഇതിന് പിന്നാലെ കോവിഡ് പ്രതിസന്ധികൂടി വന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക നില പൂര്‍ണമായും താറുമാറാവുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: