X
    Categories: More

പാക്കിസ്താനെ ഭീകരരാഷ്ട്രമാക്കാനുള്ള ശ്രമത്തെ പിന്തുണക്കില്ലെന്ന് അമേരിക്ക

 

വാഷിംങ്ടണ്‍: പാക്കിസ്താനെ ഭീകര രാഷ്ട്രമാക്കാനുള്ള ശ്രമത്തെ പിന്തുണക്കില്ലെന്ന് അമേരിന്‍ പ്രതിരോധ വക്താവ് ജോണ്‍കിര്‍ബി. തീവ്രവാദികളുടെ കൈകളില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാന്‍ പാക്കിസ്താന്‍ ശ്രമിക്കണം. ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികള്‍ പാക്കിസ്താനെ സുരക്ഷിത താവളമാക്കുന്ന നടപടികളെ അമേരിക്ക എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്താനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിനേയും ഓണ്‍ലൈന്‍ പെറ്റീഷനേയും പിന്തുണക്കില്ലെന്ന് കിര്‍ബി പറഞ്ഞു. അത്തരമൊരു ബില്ലില്‍ ഒന്നും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാശ്മീര്‍ പ്രശ്‌നവും സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ ഇന്ത്യയും പാക്കിസ്താനും ചര്‍ച്ചകള്‍ നടത്തണം. കാശ്മീര്‍ പ്രശ്‌നത്തില്‍ മുന്‍ നിലപാടില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോയിട്ടില്ലെന്നും ഇന്ത്യയും പാക്കിസ്താനും സംയുക്തമായി പ്രശ്‌നം പരിഹരിക്കണമെന്നതാണ് അമേരിക്കന്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്താനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ നിവേദനത്തിലേക്ക് ഒപ്പുകള്‍ ശേഖരിക്കുന്നത് കഴിഞ്ഞയാഴ്ച്ച വൈറ്റ് ഹൗസ് നിര്‍ത്തിയിരുന്നു. പരിഗണിക്കപ്പെടാനുള്ള യോഗ്യതകള്‍ നിവേദനത്തിലില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്.

Web Desk: