X
    Categories: Culture

വെളിച്ചെണ്ണ കൊടും വിഷമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞ; പ്രതികരണവുമായി ഇന്ത്യ

കരിന്‍ മിച്ചല്‍സ്‌

ന്യൂഡല്‍ഹി: വെളിച്ചെണ്ണയെ ‘ശുദ്ധ വിഷം’ എന്നു വിശേഷിപ്പിച്ച ഹാവാഡ് യൂണിവേഴ്‌സിറ്റി ആരോഗ്യ ശാസ്ത്രജ്ഞ കരിന്‍ മിച്ചല്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. മിച്ചല്‍സിന്റെ കണ്ടെത്തല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും തിരുത്തണമെന്നുമാവശ്യപ്പെട്ട് ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി കത്തയച്ചു.

ഹാവാഡിലെ പ്രൊഫസറായ കരിന്‍ മിച്ചല്‍സ് വെളിച്ചെണ്ണയെ കൊടിയ വിഷം എന്നു വിശേഷിപ്പിക്കുന്ന ലെക്ചറിന്റെ വീഡിയോ യൂട്യൂബില്‍ വൈറലാണ്. ‘വെളിച്ചെണ്ണയും മറ്റ് പോഷക പിഴവുകളും’ എന്ന വിഷയത്തില്‍ ഹാവാഡിലെ ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് ഇവര്‍ ക്ലാസെടുത്തത്. സംഭാഷണത്തിനിടെ മൂന്നുതവണയെങ്കിലും ഇവര്‍ വെളിച്ചെണ്ണയെ ‘വിഷം’ എന്നു വിശേഷിപ്പിച്ചു: ‘വെളിച്ചെണ്ണയെക്കുറിച്ച് ഞാന്‍ നിങ്ങളെ അടിയന്തരമായി മുന്നറിയിപ്പ് നല്‍കുകയാണ്. നിങ്ങള്‍ക്ക് കഴിക്കാവുന്ന ഏറ്റവും മോശമായ ഭക്ഷണമാണത്’ കരിന്‍ മിച്ചല്‍സ് പറഞ്ഞു.

കരിന്‍ മിച്ചല്‍സിന്റെ വാക്കുകള്‍ ‘വസ്തുതാ വിരുദ്ധവും പരിഗണന അര്‍ഹിക്കാത്തതും’ ആണെന്ന് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡീനിനയച്ച കത്തില്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ നാണ്യവിളക്കെതിരെയാണ് അവര്‍ മോശമായി സംസാരിച്ചിരിക്കുന്നതെന്നും ഇത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ബാങ്കോക്കില്‍ നടന്ന, 18 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഏഷ്യാ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി യോഗത്തില്‍ കരിന്‍ മിച്ചല്‍സിന്റെ പഠനം ചര്‍ച്ചയ്ക്കു വന്നിരുന്നു.

വെളിച്ചെണ്ണയുടെ ആരോഗ്യവശം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്താരാഷ്ട്ര രംഗത്ത് സജീവമാണ്. വെളിച്ചെണ്ണയുടെ ഉപയോഗത്തിനെതിരെ വര്‍ഷങ്ങളായി ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ് കരിന്‍ മിച്ചല്‍സ്. ഈ നൂറ്റാണ്ടിലാണ് അമേരിക്കയില്‍ വെളിച്ചെണ്ണ ഒരു ഭക്ഷ്യവസ്തു എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മറ്റ് എണ്ണകളില്‍ നിന്നു വ്യത്യസ്തമായി പൂരിത കൊഴുപ്പിന്റെ (Saturated Fta) അളവ് കൂടുതലാണെങ്കിലും വെളിച്ചെണ്ണയെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ‘വിഷ ഭക്ഷണ’ങ്ങളുടെ ഗണത്തില്‍ പെടുത്തിയിട്ടില്ല. വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പ് 80 ശതമാനമാണ്. ബട്ടര്‍ (63 ശതമാനം), ബീഫ് (50), പന്നിക്കൊഴുപ്പ് (39) എന്നിവയേക്കാള്‍ കൂടുതലാണിത്.

ചീത്ത കൊളസ്‌ട്രോളിനും ഹൃദയരോഗങ്ങള്‍ക്കും വെളിച്ചെണ്ണയുടെ അമിത ഉപയോഗം കാരണമാകുമെന്നാണ് ഹൃദ്രോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള അപകടം വെളിച്ചെണ്ണയില്‍ ഇല്ലെന്നാണ് ഇന്ത്യയിലെ ഭക്ഷണ വിദഗ്ധരും ആരോഗ്യ രംഗത്തുള്ളവരും പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: