X
    Categories: Culture

ഐ.പി.എല്‍ കൊടിയേറ്റം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം പതിപ്പിലെ ആവേശ കാഴ്ചകള്‍ക്ക് ഹൈദരാബാദില്‍ വര്‍ണാഭമായ തുടക്കം. ഇനിയുള്ള 46 ദിവസം ക്രിക്കറ്റിന്റെ കുട്ടി പതിപ്പ് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി ചുരുങ്ങും.

ലോധ കമ്മീഷന്‍ പണക്കൊഴുപ്പ് തടഞ്ഞെങ്കിലും ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകളുടെ ഗരിമ ഒട്ടും കുറഞ്ഞില്ല. ക്രിക്കറ്റ്, സിനിമാ താരങ്ങളുടെ സാന്നിധ്യം തിങ്ങിനിറഞ്ഞ ഇന്ദിരാഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. കൃത്യം 6.30ന് തുടങ്ങിയ ചടങ്ങുകള്‍ അര മണിക്കൂറോളം നീണ്ടു. സംഗീത പരിപാടിയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ ഗ്രൗണ്ടിലെത്തി.
രണ്ടു ഓപ്പണ്‍ ബാറ്ററി കാറുകളിലായി താരങ്ങള്‍ ഗ്രൗണ്ട് വലയം വച്ച് കാണികളെ അഭിവാദ്യം ചെയ്തു. ഐ.പി.എലിന്റെ ഭാവി അടക്കമുള്ള രവി ശാസ്ത്രിയുടെ ചോദ്യങ്ങള്‍ക്ക് ബൗണ്ടറി നേടുന്ന അനായാസത്തില്‍ താരങ്ങളുടെ മറുപടി. വിനോദ് റായ് അടക്കമുള്ളവര്‍ താരങ്ങള്‍ക്ക് ബാറ്റ് മാതൃകയിലുള്ള ഐ.പി.എല്‍ ഉപഹാരം നല്‍കി.
കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്ത- കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറും ബംഗളൂരു നായകന്‍ വിരാട് കോഹ്ലിയും കളിത്തട്ടിലെത്തിയത്. ട്രോഫിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം ഇരുവരും മടങ്ങി.
പിന്നാലെ രഥത്തിലേറിയെത്തിയ ബ്രിട്ടീഷ് നടി ആമി ജാക്‌സണിന്റെ നൃത്ത പ്രകടനങ്ങള്‍ ആരാധകരെ ഹരം കൊള്ളിച്ചു.
എല്ലാ വേദികളിലും ഉദ്ഘാടന ചടങ്ങുകള്‍ നടത്താന്‍ ഐ.പി.എല്‍ ഭരണ സമിതി തീരുമാനിച്ചതിനാല്‍ ഇന്ന് പൂനെയില്‍ നടക്കുന്ന പൂനെ റൈസിങ് സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായും വര്‍ണാഭമായ ചടങ്ങുകള്‍ നടക്കും.
ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖ്, ടൈഗര്‍ ഷ്റോഫ്, ശ്രദ്ധ കപൂര്‍, പര്‍ണീതി ചോപ്ര, ഗായിക മൊണാലി താക്കൂര്‍ തുടങ്ങിയവര്‍ വിവിധ വേദികളിലെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകാനെത്തും. എട്ടു ടീമുകള്‍ അണിനിരക്കുന്ന പത്താം സീസണില്‍ പത്തു വേദികളിലായി ആകെ 60 മത്സരങ്ങളാണുള്ളത്. മെയ് 21ന് ഹൈദരാബാദില്‍ വച്ച് തന്നെയാണ് കിരീടപ്പോരാട്ടം.

chandrika: