X

ഇറാന്‍ സൈന്യം സിറിയ- ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍

 

ദമസ്‌ക്കസ്/തെല്‍ അവീവ്: തെക്കന്‍ സിറിയയിലെ വിമത സൈനികര്‍ക്കെതിരേ സിറിയ-റഷ്യ-ഇറാന്‍ സംയുക്ത സൈന്യം മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഭീതിയില്‍. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ സാന്നിധ്യം രാജ്യത്തിന് ഭീഷണിയാണെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. ഗോലാന്‍ കുന്നുകളില്‍ ഇറാന്‍ സൈന്യത്തെ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

44 വര്‍ഷമായി സിറിയയും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരുന്ന പ്രദേശമാണ് ഗോലാന്‍ കുന്നുകള്‍. ഇതിന്റെ ഭാഗമായി ഹുംസ് പ്രവിശ്യയിലെ ഇറാന്‍ സൈനിക കേന്ദ്രത്തിലേക്ക് ഇസ്രായേലി ജെറ്റുകള്‍ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈനികര്‍ തെക്കന്‍ സിറിയയിലെ വിമത സൈനികര്‍ക്കെതിരേ ശക്തമായ മുന്നേറ്റം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം വിമതരുടെ കൈവശമായിരുന്ന ജോര്‍ദാന്‍ അതിര്‍ത്തിയിലെ നസീബ് അല്‍ ജാബിര്‍ ക്രോസിംഗിന്റെ നിയന്ത്രണം സിറിയന്‍ സൈന്യത്തിന് ലഭിക്കുകയുണ്ടായി. ഈ മുന്നേറ്റം തുടര്‍ന്നാല്‍ അധികം താമസിയാതെ ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനികര്‍ തങ്ങളുടെ അതിര്‍ത്തിയിലെത്തുമെന്ന ഭീതിയിലാണ് ഇസ്രായേല്‍.

1974ലെ ഗോലാന്‍ കുന്ന് വെടിനിര്‍ത്തല്‍ കരാര്‍ തങ്ങള്‍ പാലിക്കുമെന്നും ഇത് ലംഘിക്കുന്ന പക്ഷം ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലീബര്‍മാന്‍ പറഞ്ഞു. ഇസ്രായേലിനെതിരായ സൈനികതാവളമായി സിറിയയെ ഉപയോഗിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഇസ്ലാമിക് ഭീകരരുടെ ഭീഷണി നീങ്ങിയാലും ഇറാന്‍ സൈന്യം സിറിയയില്‍ നിന്ന് പിന്‍മാറില്ലെന്ന് മുതിര്‍ന്ന ഇറാന്‍ നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിറിയന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇറാന്‍ സൈന്യം അവിടെയെത്തിയതെന്നും പെട്ടെന്നൊരു പിന്‍മാറ്റം ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

chandrika: