X
    Categories: Culture

സുന്നികളും സലഫികളും ബ്രദര്‍ഹുഡും ഇസ്‌ലാമിക വിരുദ്ധരെന്ന് ഐ.എസ്

കെയ്‌റോ: ഈജിപ്തിലെ സുന്നികള്‍ക്കും സലഫികള്‍ക്കും മുസ്‌ലിം ബ്രദര്‍ഹുഡിനും അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ക്കും കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കുമെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍. ഡിസംബറില്‍ ഐ.എസിന്റെ ആക്രമണത്തിനിരയായ കോപ്റ്റിക് ക്രിസ്ത്യാനികളെ പിന്തുണച്ച എല്ലാവരും മതവിരുദ്ധരാണെന്നും ശക്തമായ ആക്രമണം പ്രതീക്ഷിക്കാമെന്നുമാണ് ഭീകരര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്.

സുന്നി കേന്ദ്രമായ അല്‍ അസ്ഹറിലെ ഗ്രാന്റ് ഇമാം അഹ്മദ് അല്‍ ത്വയിബ്, സലഫി ശൈഖ് മുഹമ്മദ് ഹസന്‍ എന്നിവരെയും പേരെടുത്ത് ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോ.

ഈജിപ്തിലെ സമ്പന്ന വിഭാഗമായ കോപ്റ്റുകള്‍ക്കു നേരെ കൂടുതല്‍ ആക്രമണമുണ്ടാകുമെന്നും ഇവരില്‍ പ്രധാനികളായ സാവിരി കുടുംബമാവും പ്രധാന ലക്ഷ്യമെന്നും വീഡിയോയില്‍ പറയുന്നു. ഇവര്‍ക്ക് പിന്തുണ നല്‍കുന്ന എല്ലാ വിഭാഗം മുസ്ലിംകളെയും മതവിരുദ്ധരായാണ് ഐ.എസ് കാണുന്നത്. ഈജിപ്തില്‍ തടവിലുള്ള ഐ.എസ് ഭീകരരെ ഉടന്‍ രക്ഷപ്പെടുത്തുമെന്നും കെയ്‌റോ അധീനപ്പെടുത്തുമെന്നും അവകാശവാദമുണ്ട്.

കോപ്റ്റിക് ക്രിസ്ത്യാനികള്‍ മുസ്ലിംകളുമായുള്ള ‘കരാര്‍’ ലംഘിച്ചതായും ഇസ്ലാമിക വിരോധികളുടെ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോ പറയുന്നു. വെറും നാല്‍പ്പത് ലക്ഷം മാത്രം ജനസംഖ്യയുള്ള കോപ്റ്റുകള്‍ ഈജിപ്ഷ്യന്‍ സമ്പദ് ഘടനയുടെ 40 ശതമാനം കൈയടക്കിയതായും ഐ.എസ് ആരോപിക്കുന്നു.

സൂയസ് കനാലിന്റെ കിഴക്കുവശമുള്ള സിനായ് പ്രവിശ്യയിലാണ് നിലവില്‍ ഐ.എസിന് വേരുകളുള്ളത്. എന്നാല്‍, ഉടന്‍ തന്നെ ഈജിപ്തിലൊന്നാകെ തങ്ങള്‍ വ്യാപിക്കുമെന്ന് വീഡിയോയില്‍ ഐ.എസ് അവകാശപ്പെടുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: