X
    Categories: Culture

ഓവര്‍ സ്മാര്‍ട്ടായി ഗോളി ചതിച്ചു; സ്വന്തം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റിന് തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തി മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ഗോള്‍കീപ്പര്‍ വെല്ലിങ്ടണ്‍ ഡി ലിമ കാണിച്ച അമിത ആത്മവിശ്വാസമാണ് മുംബൈയുടെ ജാക്കിചന്ദ് സിങിന്റെ ഗോളില്‍ കലാശിച്ചത്. അപകട മേഖലയില്‍ പന്ത് അടിച്ചകറ്റുന്നതിനു പകരം വെല്ലിങ്ടണ്‍ ഡ്രിബിള്‍ ചെയ്യാന്‍ നിന്നപ്പോള്‍ സോണി നോര്‍ദെ പന്ത് റാഞ്ചി ജാക്കിചന്ദിനു നല്‍കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് ഇന്ത്യന്‍ താരം പന്തെത്തിക്കുകയും ചെയ്തു.

വീഡിയോ കാണാം:

വീഡിയോ കടപ്പാട്: ഐ.എസ്.എല്‍

ഇഞ്ചുറി ടൈമില്‍ മുംബൈയുടെ പ്രത്യാക്രമണത്തിനൊടുവില്‍ പന്ത് നോര്‍ത്ത് ഈസ്റ്റ് കീപ്പറുടെ കാലുകളിലെത്തി. സമ്മര്‍ദം ചെലുത്തിയ സോണി നോര്‍ദെയെ ഡ്രിബിള്‍ ചെയ്ത ഗോള്‍കീപ്പര്‍ പന്ത് അടിച്ചകറ്റാന്‍ ഒരുങ്ങിയെങ്കിലും മുമ്പില്‍ നിന്ന് ജാക്കിചന്ദ് ഓടിയെത്തി. എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഗോള്‍കീപ്പര്‍ക്ക് സമയം കിട്ടുംമുമ്പ് പിന്നില്‍ നിന്നെത്തിയ നോര്‍ദെ പന്ത് ജാക്കിചന്ദിനു നേരെ തട്ടി. ബോക്‌സില്‍ ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്ന വെല്ലിങ്ടണെ നിസ്സഹായനാക്കി ജാക്കിചന്ദ് ലക്ഷ്യം കാണുകയും ചെയ്തു.

മുംബൈ തലപ്പത്ത്

9 റൗണ്ട് മത്സരം പൂര്‍ത്തിയാക്കിയ 15 പോയിന്റോടെ സെമിഫൈനല്‍ ബര്‍ത്തിനുള്ള അവകാശവാദം ശക്തമായി ഉന്നയിച്ചു. 8 മത്സരത്തില്‍ നിന്ന് 13 പോയിന്റോടെ ഡല്‍ഹിയും ഏഴ് കലിയില്‍ നിന്ന് 12 പോയിന്റോടെ കൊല്‍ക്കത്തയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് നാലാം സ്ഥാനത്തുള്ള ചെന്നൈയിനുള്ളത്. ഇത്രയും പോയിന്റോടെ എട്ടാം മത്സരം കളിച്ച നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഒമ്പത് പോയിന്റുണ്ട്. ഗോവ (7), പൂനെ സിറ്റി (6) ടീമുകളാണ് പട്ടികയുടെ അടിത്തട്ടില്‍.

chandrika: