X

ഇസ്രാഈല്‍ നരനായാട്ട്

 

ഗസ: ഇസ്രാഈല്‍ സേനയുടെ നരനായാട്ട് ഗസയെ ചോരക്കളമാക്കി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലേമിലേക്കു മാറ്റുന്നതിനെതിരെയും, ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരികെ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ഫലസ്തീനികള്‍ അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ചിനെ, ആയുധങ്ങളുമായാണ് ഇസ്രാഈല്‍ സേന നേരിട്ടത്. ആക്രമണത്തില്‍ 43 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1700 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 39 പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട 43 പേരില്‍ ഒരു പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ചു പേര്‍ 18ന് താഴെ പ്രായമുള്ളവരാണ്.
പരിക്കേറ്റവരില്‍ 122 പേരും കൗമാരക്കാരാണ്. 44 സ്ത്രീകളും 11 പത്രപ്രവര്‍ത്തകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. 772 പേര്‍ക്ക് വെടിയേറ്റതായും 737 പേര്‍ക്ക് ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ഗസ മുനമ്പില്‍ നിന്നും ഇസ്രാഈലി സേന കെട്ടിപ്പൊക്കിയ വേലികള്‍ മറികടക്കാനായി ഫലസ്തീനികള്‍ ശ്രമം ആരംഭിച്ചിരുന്നു. 1948ല്‍ ഇസ്രാഈല്‍ രൂപീകരിച്ചതിന്റെ ഓര്‍മക്കായി ഫലസ്തീനികള്‍ നടത്തുന്ന നക്ബ (വന്‍ദുരന്തം) വാര്‍ഷിക പ്രതിഷേധത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ലോങ് മാര്‍ച്ച് നടത്താന്‍ ഫലസ്തീനികള്‍ തീരുമാനിച്ചിരുന്നു. ഇസ്രാഈല്‍ രൂപീകരണത്തിന് ശേഷം 1948 മുതല്‍ പ്രദേശത്തു നിന്നും ബലം പ്രയോഗിച്ച് പുറത്താക്കിയ അഭയാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരുന്നതിനും കൂടിയാണ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ഫലസ്തീനികളാണ് മാര്‍ച്ചില്‍ പങ്കെടുക്കാനായി എത്തിയത്. തെല്‍അവീവില്‍ നിന്നും യു.എസ് എംബസി ജറൂസലേമിലേക്കു മാറ്റുന്നതിനെതിരെ പ്രതിഷേധിക്കാനും ഫലസ്തീനികള്‍ തീരുമാനിച്ചിരുന്നു. രണ്ട് പ്രതിഷേധവും ആളിക്കത്തുന്നതിനിടെയാണ് ഇസ്രാഈലി സേന നരനായാട്ട് നടത്തിയത്. ഗസക്കു പുറമെ, വെസ്റ്റ്ബാങ്ക്, റാമല്ല, ഹെബ്രോണ്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. മാര്‍ച്ച് 30ന് ശേഷം 86 ഫലസ്തീനികളെയാണ് ഇസ്രാഈല്‍ സേന വെടിവെച്ചു കൊന്നത്.

chandrika: