X

നവ ചൈതന്യത്തോടെ മുസ്്‌ലിംലീഗ്

 

എന്തിനാണ് മുസ്്‌ലിംലീഗ്; പിരിച്ചുവിട്ട് മുഖ്യധാരയില്‍ ലയിച്ചാല്‍ താങ്കള്‍ പറയുന്ന പദവിയും അധികാര സ്ഥാനവും നല്‍കാം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതാണ് വാഗ്ദാനം. ഖാഇദെമില്ലത്തിന്റെ സൗമ്യമായ മറുപടി ഉറച്ച ശബ്ദത്തിലായിരുന്നു. ‘വ്യതിരിക്തമായ വിശ്വാസവും സംസ്‌കാരവും ആചാരവും പാലിക്കുന്ന രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ഒരു സംഘടന അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. അതു സംരക്ഷിക്കാന്‍ താങ്കളുടെ സംഘടനക്കുള്ള പരിമിതി ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ, എന്നും താങ്കളുടെ നേതൃത്വവും താങ്കളുടെ പാര്‍ട്ടിയും ഈ പ്രതാപത്തില്‍ നിലകൊള്ളുമെന്ന് എന്താണുറപ്പ്…’
വര്‍ഷം എഴുപത് പിന്നിട്ടിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ആശ്ചര്യവും അഭിമാനവും തോന്നുന്നു. എത്രയെത്ര കാറ്റും കോളും പ്രതിസന്ധിയുടെ മഹാപ്രളയവും പിന്നിട്ടാണ് ഇവിടെവരെയെത്തിയത്. എന്നാല്‍, മുന്നിലുള്ള തടസ്സങ്ങളും വെല്ലുവിളികളും കാണുമ്പോഴോ. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരണ കാലത്തേക്കാള്‍ പ്രസക്തവും അനിവര്യവുമാണിന്ന് എന്നു പറയുന്നവര്‍ വര്‍ധിച്ചിരിക്കുന്നു എന്നത് സത്യമാണ്.
രാജ്യം നേരിടുന്ന വെല്ലുവിളിയും പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധിയും ഒന്നായിരിക്കുന്നുവെന്നതാണ് വര്‍ത്തമാന കാല ചിത്രം. വിവിധ നാട്ടുരാജ്യങ്ങളായും ഭാഷ-വേഷ-സംസാര വൈജാത്യങ്ങളുടെയും എത്രയൊക്കെ ഭിന്നതകളും വിഭാഗീയതകളും നിലനിന്നപ്പോഴും ആയിരത്താണ്ട് കാലമായി ഒരു ജനതയായിരുന്നു നമ്മള്‍. രാഷ്ട്രീയാധികാരത്തിന്റെ വിവിധ കാലങ്ങളിലും സാംസ്‌കാരികമായ ഔന്നിത്യത്തിന്റെ ആത്മബലമാണ് നമ്മെ നിലനിര്‍ത്തിയത്. പറങ്കികളും ബ്രിട്ടീഷുകാരുമെല്ലാം ആത്മാഭിമാനത്തിന് വിലയിട്ടപ്പോള്‍ അവരെ ആട്ടിയോടിക്കാനും തനിമ കാക്കാനും നമ്മുടെ പൂര്‍വികര്‍ക്കായി.
എന്തൊക്കെ കുറ്റവും കുറവുമുണ്ടെന്ന് പറഞ്ഞാലും സഹിഷ്ണുതയില്‍ കെട്ടിപ്പടുത്ത മതേതര മനസ്സാണ് രാജ്യത്തിന്റെ ആത്മാവ് എന്നതാണ് പ്രത്യാശയുടെ മഹാപ്രഖ്യാപനം. വിവിധ മതങ്ങളും ജാതികളും ഉപജാതികളും ഭാഷകളും ഉപഭാഷകളും വേഷങ്ങളും ഭക്ഷണവും എല്ലാ വ്യത്യസ്തമാണെങ്കിലും എല്ലാത്തിനെയും കോര്‍ത്തെടുത്തതോ ലയിപ്പിക്കുന്നതോ ആയ ഒരു വിതാനവും കാണാനാവും; ബഹുസ്വരതയുടെ മേളനം.
നമ്മുടെ മഹത്തായ ഭരണഘടന ഉയര്‍ത്തുന്ന ദര്‍ശനവും നാനാത്വത്തില്‍ ഏകത്വമായത് ആകസ്മികമല്ല. ലോകത്തെ പല രാജ്യങ്ങളും തകര്‍ന്നപ്പോള്‍ നമ്മുടെ രാജ്യം പുരോഗതിയിലേക്കും അഭിമാനത്തിലേക്കും കുതിച്ചതിന് ആത്മാംശമുള്ള ദൃഢമായ അടിത്തറയുള്ള ഭരണഘടനക്കുള്ള പങ്ക് നിസ്സാരമല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ജനാധിപത്യത്തിന്റെ പ്രതിസന്ധിയായ ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നതിലും ഭരണഘടനാ ശില്‍പികള്‍ കാണിച്ച യാഥാര്‍ത്ഥ്യ ബോധത്തെ അംഗീകരിച്ചേ മതിയാവൂ.
ഇന്ത്യക്ക് ഒപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്‍ പില്‍ക്കാലത്ത് ദിശാബോധമില്ലാത്ത ഭരണാധികാരികളുടെ താല്‍ക്കാലിയ ലാഭത്തിനായി മതത്തിന്റെ കുപ്പായമണിയാന്‍ തയ്യാറായപ്പോള്‍ എന്താണ് സംഭവിച്ചത്. ജിന്നാ സാഹിബ് വിഭാവനം ചെയ്ത ഏറെക്കുറെ മികച്ച രീതിയില്‍ പോയ്‌കൊണ്ടിരുന്ന ആ രാജ്യം ഇസ്്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്താനായി പ്രച്ഛന്ന വേഷം കെട്ടിയത്തിന്റെ ഫലം ഇന്നവര്‍ അനുഭവിക്കുന്നു. അകക്കാമ്പില്ലാത്തതും ആത്മാര്‍ത്ഥതയില്ലാത്തതുമായ ഏതൊരു വൈകാരിക എടുത്തുചാട്ടത്തിന്റെയും പരിണിതി അതായിരിക്കും.
മത രാഷ്ട്രവാദത്തിന് മുസ്്‌ലിം ലീഗ് എക്കാലവും എതിരാവാന്‍ താത്വികമായി തന്നെ കാരണങ്ങളുണ്ട്. ഇസ്്‌ലാമിക രാജ്യവും രാഷ്ട്രീയ ഇസ്്‌ലാമും വേര്‍തിരിച്ചറിയാത്തത് ആഗോള പ്രതിസന്ധിയാണിന്ന്. കേവലം ഇസ്്‌ലാമോഫോബിയ ഉല്‍പന്നമായി മാറുന്ന അത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഇസ്്‌ലാമിന്റെ ശത്രുക്കളുടെ കരുനീക്കങ്ങളുണ്ട് എന്നതും ഉറപ്പാണ്. ബഹുസ്വര ഇന്ത്യയാണ് മുസ്‌ലിംലീഗിന്റെ ഉറച്ച നിലപാട്. ഒരു മുസ്്‌ലിം മാത്രം ഇവിടെ അവശേഷിച്ചാലും ഒരാളൊഴികെ എല്ലാവരും ഇസ്‌ലാമായാലും ഇതില്‍ നിന്ന് മറിച്ചൊരു അഭിപ്രായമില്ല.
ഇന്ത്യയെ ഔദ്യോഗികമായി ഹിന്ദുത്വ രാജ്യമാക്കുന്നതോ ഇസ്്‌ലാമിക രാജ്യമാക്കുന്നതോ മതനിരാസമാക്കുന്നതോ മറ്റേതെങ്കിലും ഇസത്തിലേക്ക് തളച്ചിടുന്നതോ ഗുണകരമാവില്ല. വിവിധ ധാരകളുടെ മഹാവിസ്മയമാണ് നമ്മുടെ രാജ്യം; ഇന്ത്യ എല്ലാവരുടേതുമാണ്. ആ സ്വത്വം ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ ഭരണഘടന. ഭരണഘടന ഇല്ലായ്മ ചെയ്യാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നതാണ് വര്‍ത്തമാനകാലത്തെ പ്രധാന രാഷ്ട്രീയ ഭീഷണി. മുത്തലാഖും ബഹുഭാര്യത്വവും ഉയര്‍ത്തി ഏക സിവില്‍ കോഡിന്റെ പെരുമ്പറ മുഴക്കുന്നതും ദലിത് സമൂഹത്തിന്റെ സുരക്ഷയിലൂന്നിയ നിയമങ്ങള്‍ ലഘൂകരിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. പരാജയപ്പെട്ട ഭരണകൂടം അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വൈകാരിക അജണ്ടകള്‍ പുറത്തെടുക്കുകയാണ്.
ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്ര സാങ്കേതിക ശക്തിയായി ഇന്ത്യ മാറിയത് സാംസ്‌കാരിക അടിത്തറയില്‍ നിന്നാണെന്ന് മറന്ന ഭരണകൂടം മുച്ചൂടും നശിപ്പിക്കുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും നടുവൊടിച്ച ജനത്തിന്റെ പണം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കൊള്ളയടിക്കാന്‍ കുടപിടിച്ചവര്‍ കണക്കു പറയേണ്ടിവരും. കര്‍ഷകരെയും തൊഴിലാളികളെയും യുവത്വത്തെയും വഞ്ചിച്ചവര്‍ ചോദ്യങ്ങളെ ഭയന്ന് പാര്‍ലമെന്റില്‍ നിന്ന് പോലും ഒളിച്ചോടുന്നു. പാര്‍ലമെന്റിനെ നിയമ നിര്‍മ്മാണത്തിനും ജനാധിപത്യത്തിന്റെ വികാസത്തിനും സംവാദത്തിനും വേദിയാക്കാതെ മുഷ്‌ക്ക് കാണിച്ച ശേഷം ഉപവാസം നടത്തുന്ന പ്രധാനമന്ത്രി മോദിയുടേത് മുതലക്കണ്ണീരാണ്.
ദക്ഷിണേന്ത്യയില്‍ ശക്തമായ അടിത്തറയുള്ള മുസ്്‌ലിംലീഗിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലേക്കും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനും നിലയുറപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. ജീവകാരുണ്യ രംഗത്തും വൈജ്ഞാനിക മുന്നേറ്റത്തിനും ദേശീയ കമ്മിറ്റി ബഹുമുഖ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൂടുതല്‍ മേഖലകളില്‍ കോണി ചിഹ്നത്തില്‍ മത്സരിക്കാനും രാഷ്ട്രീയ വിജയം വിളംബരം ചെയ്യാനും കരുതലോടെയുള്ള ചുവടുവെപ്പ് അനിവാര്യമാണ്. വിശാലമായ ഐക്യനിര കെട്ടിപ്പടുത്ത് മതേതര വോട്ട് ഭിന്നിക്കാതെ നിലയുറപ്പിക്കണം.
മുസ്്‌ലിംലീഗ് മൂന്നു പതിറ്റാണ്ടിലേറെയായി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രമേയം അതാണ്. അന്ന് നിസ്സാരവത്കരിച്ചവരും ഇന്നു അക്കാര്യം ചെവിയോര്‍ക്കുന്നു. വെറും 31 ശതമാനം വോട്ടുകള്‍ മാത്രം നേടി മൃഗീയ ഭൂരപക്ഷത്തോടെ അധികാരത്തില്‍ കയറിയവര്‍ക്ക് മതേതര കക്ഷികള്‍ യോജിച്ച് നിന്നാല്‍ പാര്‍ലമെന്റില്‍ മൂന്നക്ക സംഖ്യ തികക്കാനാവില്ല.
രാജ്യത്തെ മാറിയ രാഷ്ട്രീയ കാലാവസ്ഥയെ ശരിയായി വിശകലനം ചെയ്തും പഠിച്ചും നയനിലപാടുകള്‍ സ്വീകരിക്കുകയെന്ന ദൗത്യമാണ് മുമ്പിലുള്ളത്. രാജ്യത്താകമാനം സംഘടനയുടെ സാന്നിധ്യം കൊതിക്കുന്ന ജനകോടികളുടെ പ്രതീക്ഷക്കൊത്ത് ഉയരാനാകണം. ആദര്‍ശാടിത്തറയും ലക്ഷ്യബോധവും ചടുലമായ നേതൃത്വവുമെല്ലാം ഉള്ളപ്പോള്‍ തന്നെ, നയനിലപാടുകളില്‍ ഉറച്ചു നില്‍ക്കലും കാലത്തിന്റെ ചുവരെഴുത്ത് വായിച്ചുള്ള കര്‍മ്മ പദ്ധതികളുടെ നവീകരണവുമാണ് അനിവാര്യം. ഇന്നു നടക്കുന്ന മുസ്്‌ലിം ലീഗ് ദേശീയ കൗണ്‍സിലിന് സംഘടനാ ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഹരിത രാഷ്ട്രീയത്തിന്റെ കേരള മോഡല്‍ രാജ്യത്താകമാനം പടര്‍ന്നു പന്തലിക്കുന്ന കാലം വിദൂരമല്ല.

chandrika: