X

ജാക്കി ചാന് ഓണററി ഓസ്‌കര്‍

ന്യൂയോര്‍ക്ക്: ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ജാക്കി ചാന് ഓണററി ഓസ്‌കര്‍ പുരസ്‌കാരം സമ്മാനിച്ചു. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് അദ്ദേഹത്തെ ഓസ്‌കര്‍ നല്‍കി ആദരിച്ചത്. ആനുവല്‍ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ചടങ്ങില്‍ നടന്മാരായ ക്രിസ് ടക്കര്‍, ടോം ഹാങ്‌സ്, നടി മിഷേല്‍ യോ എന്നിവര്‍ക്ക് ചേര്‍ന്ന് അദ്ദേഹത്തിന് പുസ്‌കാരം നല്‍കി.

56 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനൊടുവില്‍ ഓസ്‌കര്‍ ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ജാക്കി ചാന്‍ പറഞ്ഞു. ഇരുന്നൂറിലധികം സിനിമകള്‍ ചെയ്തു. ഒരുപാട് പരിക്കുകള്‍ പറ്റി. ഇപ്പോള്‍ ഇത് ഓസ്‌കര്‍ ലഭിച്ചിരിക്കുന്നു. 23 വര്‍ഷം മുമ്പ് സില്‍വര്‍സ്റ്റര്‍ സ്റ്റാലന്റെ വീട്ടില്‍ ഓസ്‌കര്‍ പുരസ്‌കാരം കണ്ടപ്പോഴാണ് തനിക്കും അതിനോട് ആഗ്രഹം തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് ഓസ്‌കര്‍ ലഭിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നത് മാതാപിതാക്കളാണ്. എന്നാണ് തനിക്ക് ഓസ്‌കര്‍ ലഭിക്കുകയെന്ന് പിതാവ് നിരന്തരം ചോദിക്കുമായിരുന്നു. കോമഡി ആക്ഷന്‍ ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എനിക്ക് അത്തരമൊരു അംഗീകാരം സ്വപ്‌നം കാണാന്‍ സാധിക്കുമായിരുന്നില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോങ്കോങ് സ്വദേശിയ ജാക്കി ചാന്‍ ആയോധന കലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്രൂസിലിയുടെ ചിത്രങ്ങളില്‍ സ്റ്റണ്ട്മാനായാണ് അദ്ദേഹം സിനിമയില്‍ ശ്രദ്ധേയനാകുന്നത്. നിരവധി ഹോളിവുഡ്, ചൈനീസ് ആക്ഷന്‍ കോമഡി ചിത്രങ്ങളില്‍ നായകനായും സഹതാരമായും സംവിധായകനായും തിളങ്ങി. പല ചിത്രങ്ങളും അന്താരാഷ്ട്രതലത്തില്‍ വന്‍ വിജയമായിരുന്നു.

chandrika: