X

ജെല്ലിക്കെട്ടിനിടെ രണ്ട് മരണം, 100 പേര്‍ക്ക് പരിക്ക്

കെ.പി ജലീല്‍

മധുരൈ: പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് അരങ്ങേറി. മരണത്തിന്റെ അകമ്പടിയോടെയാണ് രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് തിരിച്ചെത്തിയത്. കാളയുടെ കുത്തേറ്റ് രണ്ടുപേരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് ഒരാളുമാണ് മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജെല്ലിക്കെട്ടില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ബലത്തിലാണ് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെല്ലിക്കെട്ട് നടന്നത്. അതേസമയം മധുരയിലെ അളഗനല്ലൂരില്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ആഘോഷം പ്രതിഷേധം കാരണം ഉപേക്ഷിച്ചു. ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം ഉച്ചയോടെ ചെന്നൈയിലേക്ക് മടങ്ങി.

 
പുതുക്കോട്ടയിലെ രപൂസല്‍ ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിനിടെ നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയ കാളയുടെ കുത്തേറ്റാണ് രണ്ടുപേര്‍ മരിച്ചത്. ഇവിടെ മാത്രം 28 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. മധുരയിലെ അളഗനല്ലൂരില്‍ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണാണ് ഒരാള്‍ മരിച്ചത്. ജയ്ഹിന്ദ്പുരം സ്വദേശി ചന്ദ്രമോഹന്‍ (48) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അളഗനല്ലൂരിലും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ ചെന്നൈ മറീനാ ബീച്ചിലും ആയിരക്കണക്കിന് യുവാക്കളാണ് ഇന്നലെയും തെരുവിലിറങ്ങിയത്.

ഓര്‍ഡിനന്‍സ് പോലുള്ള താല്‍ക്കാലിക പ്രതിവിധി പോരെന്നും കോടതികളില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയില്ലാത്ത വിധം സുസ്ഥിര നിയമനിര്‍മാണം വേണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിനെ എതിര്‍ക്കുന്ന ‘പെറ്റ’യെ നിരോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

chandrika: