X
    Categories: Culture

ടോട്ടനത്തിനെ മുട്ടുകുത്തിച്ച് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; തോറ്റിട്ടും സിറ്റി മുന്നോട്ട്

ലണ്ടന്‍: ടോട്ടനം ഹോട്‌സ്പറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് യുവന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 2-2 സമനില വഴങ്ങിയ യുവെ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, പൗളോ ഡിബാല എന്നീ അര്‍ജന്റീനാ താരങ്ങളുടെ മികവിലാണ് ജയിച്ചു കയറിയത്. സ്വന്തം ഗ്രൗണ്ടില്‍ 1-2 ന് എഫ്.സി ബാസലിനോട് തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തി.

രണ്ട് എവേ ഗോളുകളുടെ ആനുകൂല്യത്തില്‍ സ്വന്തം തട്ടകത്തില്‍ യുവേയെ നേരിടാനിറങ്ങിയ ടോട്ടനത്തിന് മികച്ച നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴാക്കിയത് തിരിച്ചടിയായി. ആദ്യ പകുതിയില്‍ ഹ്യൂശ് മിന്‍ സോനിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമായിരുന്നു വെംബ്ലിയില്‍ ടോട്ടനത്തിന്റെ അപ്രതീക്ഷിത തോല്‍വി.

ആദ്യപകുതിയില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന യുവന്റസ് കളി ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം ശൈലിയില്‍ വരുത്തിയ മാറ്റമാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. 60-ാം മിനുട്ടില്‍ ബ്ലെയ്‌സ് മറ്റിയൂഡിക്ക് പകരം ക്വാദ്വോ അസമോവയും പിന്നാലെ മഹ്ദി ബെന്‍അതിയക്കു പകരം സ്റ്റെഫാന്‍ ലിക്സ്റ്റീനറും കളത്തിലെത്തിയതോടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഗ്രൗണ്ടിലിറങ്ങിയ ഉടനെ ലിക്‌സ്റ്റീനര്‍ നല്‍കിയ ക്രോസ് ഗോളിലെത്തിക്കുന്നതില്‍ ഡിബാല പരാജയപ്പെട്ടെങ്കിലും മൂന്നു മിനുട്ടിനുള്ളില്‍ വലകുലുങ്ങി. വലതു വിങ്ങില്‍ നിന്ന് ലിക്സ്റ്റീനര്‍ നല്‍കിയ കോസില്‍ നിന്നുള്ള സമി ഖദീറയുടെ ഹെഡ്ഡര്‍ ഗോളിലേക്ക് വഴി തിരിച്ചുവിട്ട് ഹിഗ്വയ്ന്‍ യുവെയെ ഒപ്പമെത്തിച്ചു.

മൂന്നു മിനുട്ടിനുള്ളില്‍ കളിയുടെ ഗതി മാറ്റി ഡിബാല ലക്ഷ്യം കണ്ടു. ഹിഗ്വയ്ന്‍ മുന്നോട്ടു നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ സ്വീകരിച്ച 10-ാം നമ്പര്‍ താരം ടോട്ടനം കീപ്പര്‍ ഹ്യുഗോ ലോറിസിന്റെ തലയ്ക്കു മുകളിലൂടെ പന്ത് വലയില്‍ അടിച്ചുകയറ്റുകയായിരുന്നു. അവസാന ഘട്ടത്തില്‍ ടോട്ടനം സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും യുവെ പ്രതിരോധം കുലുങ്ങിയില്ല. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 ജയത്തോടെ ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ അവസാന എട്ടിലേക്ക് മുന്നേറി.

എഫ്.സി ബാസലിന്റെ തട്ടകത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി. എട്ടാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിന്റെ ഗോളില്‍ സിറ്റി മുന്നലെത്തിയിരുന്നെങ്കിലും 17-ാം മിനുട്ടില്‍ മുഹമ്മദ് എല്‍ യൂനുസി ഗോള്‍ മടക്കി. 71-ാം മിനുട്ടില്‍ മിച്ചേല്‍ ലാങ് ആണ് സന്ദര്‍ശകരുടെ വിജയ ഗോള്‍ നേടിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: