X

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കൂറ്റന്‍ കല്ല് ചുമപ്പിച്ചു, പൊതിരെ തല്ലി; കടയുടമയുടെ ക്രൂരതയില്‍ 10 വയസുകാരന് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയില്‍ 10 വയസുള്ള കുട്ടിക്ക് നേരെ ക്രൂരത. പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ മണിക്കൂറുകളോളം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. ആറുദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ഇന്നലെയാണ് മരിച്ചത്.

ഹാവേരി ജില്ലയിലാണ് സംഭവം. മാര്‍ച്ച് 16നാണ് കടയുടമയുടെ ക്രൂരതയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ കുട്ടിക്ക് നേരെയാണ് മര്‍ദ്ദനം നടന്നത്. പണം മോഷ്ടിച്ച് എന്ന് ആരോപിച്ച് കുട്ടിയെ കടയുടമ പൊതിരെ തല്ലി. വലിയ കല്ല് ചുമപ്പിച്ചു. ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് കുട്ടിയെ എറിഞ്ഞതായും പരാതിയില്‍ പറയുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ കടയില്‍ അന്വേഷിച്ച് വരികയായിരുന്നു. കുട്ടിയെ പിടിച്ചുവച്ചിരിക്കുന്നത് കണ്ട മാതാപിതാക്കള്‍ 10 വയസുകാരനെ വിട്ടുതരാന്‍ ആവശ്യപ്പെട്ടു. പണം മോഷ്ടിച്ചു എന്ന് പറഞ്ഞാണ് കടയുടമ കുട്ടിയെ പിടിച്ചുവെച്ചത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കടയുടമ മകനെ വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. വൈകീട്ടാണ് കുട്ടിയെ വിട്ടുതന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. അവശനിലയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതിനിടെ ആശുപത്രിക്കിടക്കയില്‍ വച്ച് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞു. തന്നെ കടയുടമ കൊല്ലാന്‍ ശ്രമിച്ചതായി കുട്ടി പറയുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ കടയുടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികള്‍ ഒളിവിലാണ്.

 

web desk 3: