X

തലവര മാറ്റിയ ഗോള്‍; ബ്ലാസ്റ്റേഴ്‌സ് ഹാപ്പിയാണ്  

ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് യെല്ലോ ബ്രിഗേ്യൂഡ്, തുടര്‍ച്ചയായ തോല്‍വികളുടെ വാരിക്കുഴിയില്‍ നിന്ന് കര കയറിയ ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിക്കെതിരായ ഒരുഗോള്‍ വിജയം സമ്മാനിച്ചത് സീസണ്‍ അവസാനിക്കുന്നത് വരെയുള്ള ഊര്‍ജ്ജമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തോല്‍വികളെ കുറിച്ച് ഇപ്പോള്‍ ടീം ക്യാമ്പില്‍ ചര്‍ച്ചയില്ല, അലതല്ലിയ ആവേശം എല്ലാ താരങ്ങളിലും കാണാം. അത്രമാത്രം ഒരു ജയം ടീം ആഗ്രഹിച്ചിരുന്നു, അത് പകരം വെക്കാനില്ലാത്ത സ്‌നേഹം തരുന്ന, തോല്‍വികളില്‍ പോലും ടീമിനെ പഴിക്കാതെ കൂടെ നില്‍ക്കുന്ന ലക്ഷത്തോളം കാണികള്‍ക്ക് വേണ്ടി മാത്രമായിരുന്നു. അല്ലെങ്കില്‍ ഒരു ഗോള്‍ നേടി കളിയവസാനിക്കുന്നതിന് മുമ്പേ കിരീടം നേടിയതിന് സമാനമായ ആഘോഷങ്ങള്‍ കളത്തില്‍ കാണില്ലായിരുന്നു, ഗാലറി അത്രമേല്‍ പ്രകമ്പനം കൊള്ളില്ലായിരുന്നു. ഒത്തിണക്കമുള്ള മുന്നേറ്റം, കെട്ടുപൊട്ടാത്ത പ്രതിരോധം, ചടുലമായ നീക്കങ്ങള്‍, എല്ലാം കൊണ്ടും ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് കളിവിരുന്നൊരുക്കിയ രാവായിരുന്നു വെള്ളിയാഴ്ച്ചയിലേത്.

ഹ്യൂസ്; ഈ ടീമിന്റെ ഐശ്വര്യം
മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല, എപ്പോഴും പുഞ്ചിരി തൂകിയ മുഖവുമായി കാണുന്ന ഹ്യൂസിനെ ഒരേയൊരു കളിയിലൂടെ തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. 68ാം മിനുറ്റില്‍ മുംബൈക്കായി സോണി നോര്‍ദെ വല കുലുക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ രക്ഷകന്റെ റോളിലെത്തി പന്ത് വലക്ക് പുറത്തേക്ക് അടിച്ചകറ്റിയ പടനായകന്റെ ചിത്രം അത്ര പെട്ടെന്നും ആരാധകര്‍ മറക്കാനും ഇടയില്ല. അത്‌കൊണ്ടാണ് ചോപ്ര നേടിയ ഗോളിന് നല്‍കുന്ന അത്രയും മാര്‍ക്ക് തന്നെ ഹ്യൂസിന്റെ ഈ മാസ്മരിക ഗോള്‍ലൈന്‍ സേവിനും ആരാധകര്‍ നല്‍കുന്നത്. ദേശീയ ഡ്യൂട്ടിക്ക് തിരിച്ചെത്തിയ ശേഷം കൊച്ചിയിലെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയ ഹ്യൂസിന്റെ രംഗപ്രവേശം പ്രതിരോധ നിരയിലെ ഹെങ്ബര്‍ത്തിനും ഹോസുവിനും ജിങ്കാനും പുതിയ ഉണര്‍വ്വാണ് നല്‍കിയത്. പ്രതിരോധത്തില്‍ ഹ്യൂസ് നങ്കൂരമിട്ടതോടെ മറ്റു താരങ്ങള്‍ക്ക് മുന്നിലേക്കിറങ്ങി കളിക്കാനുള്ള അവസരം ഒത്തുവന്നു, ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടുകയും ചെയ്തു.

തലവര മാറ്റിയ ഗോള്‍
ഒരേയൊരു ഗോള്‍, വന്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ലീഗില്‍ പന്ത് തട്ടാനെത്തിയ മൈക്കല്‍ ചോപ്രയുടെ തലവര തന്നെ മാറ്റിയിരിക്കുന്നു. ഡല്‍ഹിക്കെതിരെ മുഴുനീള സമയത്തും മുംബൈക്കെതിരെ ആദ്യ പകുതിയിലും കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാവാത്ത ചോപ്രയുടെ ബൂട്ടില്‍ നിന്ന് 58ാം മിനുറ്റില്‍ ആ ഗോള്‍ കൂടി പിറന്നില്ലായിരുന്നെങ്കില്‍ റോക്കി എന്ന് വിളിപ്പേരുള്ള താരം പൂര്‍ണമായും എഴുതി തള്ളപെട്ടേനെ, ഫിനിഷിങിലെ പിഴവുകള്‍ക്ക് അത്രമേല്‍ പഴികേട്ടിരുന്നു ചോപ്ര, മുംബൈക്കെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തരെ കണ്ട ചോപ്ര വികാരനിര്‍ഭരമായാണ് സംസാരിച്ചത്. ക്ലബ്ബിന് വേണ്ടിയുള്ള ആദ്യ ഗോള്‍ ജീവിത്തതിലെ മറക്കാനാവാത്ത മുഹൂര്‍ത്തമായിരിക്കുമെന്ന് താരം.
വിജയ ഗോളിലൂടെ തനിക്ക് നേരെയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും ഈ ഇന്ത്യന്‍ വംശജനായി. എന്റെ കഴിവില്‍ സംശയമുള്ളവര്‍ക്കായി ഞാന്‍ ഇനിയും തെളിയിച്ചു കൊണ്ടേയിരിക്കുമെന്ന് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. മധ്യനിരയില്‍ നിറഞ്ഞു കളിച്ച ബെല്‍ഫോര്‍ട്ടിനും പലപ്പോഴും പ്രതിരോധക്കാരന്റെ കുപ്പായമഴിച്ച് മധ്യത്തിലേക്കിറങ്ങിയ ഹോസുവിനും കൂടി അവകാശപ്പെട്ടതാണ് ടീമിന്റെ ആദ്യ വിജയം.

ഈ വിജയം ഇന്ധനമാകട്ടെ

kerala blasters

തുടര്‍ച്ചയായ ഏഴു മത്സരങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമുണ്ടായത്, ഇനിയുള്ള കുതിപ്പിന് ഇന്ധനമേകുന്ന വിജയം. കഴിഞ്ഞ സീസണിലെ അവസാനത്തെ നാലു മത്സരങ്ങളിലും ടീമിന് ജയിക്കാനായിരുന്നില്ല. സീസണില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നാല് പോയിന്റോടെ ആറാമതാണ്. ഇനി തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍. 17ന് പൂനെ സിറ്റി, 24ന് എഫ്.സി ഗോവ, 29ന് ചെന്നൈയിന്‍ എഫ്.സി, നവംബര്‍ നാലിന് ഡല്‍ഹി ഡൈനാമോസ് എന്നിവരാണ് എതിരാളികള്‍. നാലു മത്സരങ്ങളോടെ നിശ്ചയദാര്‍ഢ്യമുള്ള സമര്‍പ്പിത ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിയിട്ടുണ്ട്. താരങ്ങളുടെ കഴിവ് കോച്ച് സ്റ്റീവ് കോപ്പല്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെടുത്താല്‍ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമെന്ന് തീര്‍ച്ച.

Web Desk: