X

നോര്‍ക്കയും പ്രവാസി പദ്ധതികളും നോക്കുകുത്തി: അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ പ്രവാസി പുനരധിവാസ പദ്ധതിയും പ്രവാസിക്ഷേമ പദ്ധതിയും നിലച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറായിരത്തോളം അപേക്ഷകളാണ് പ്രവാസി പുനരധിവാസ പദ്ധതിയില്‍ ലഭിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് നാട്ടില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡിയോടെ വായ്പ അനുവദിക്കുന്ന പദ്ധതിയാണ് ഫ്രീസറിലായത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ബാങ്കുകളിലൂടെ ലഭ്യമാക്കിയിരുന്ന വായ്പയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. ബാങ്ക് നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്‌സിന്റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുമാണ് ലോണ്‍ അനുവദിക്കുന്നത്. എന്നാല്‍ നോട്ട് നിരോധത്തിന് മുമ്പു നല്‍കിയ അപേക്ഷകളില്‍ പോലും നോര്‍ക്ക തീരുമാനം എടുത്തിട്ടില്ല. ബാങ്കുകളാകട്ടെ മാര്‍ച്ച് മാസം കഴിയട്ടെ എന്ന മറുപടിയാണ് നല്‍കുന്നത്.

2004 മുതല്‍ പ്രവര്‍ത്തിച്ചുവന്ന പ്രവാസികാര്യ മന്ത്രാലയം മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാലാണ് കേരളത്തിലെ പ്രവാസി പദ്ധതികള്‍ അവതാളത്തിലായതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ കേന്ദ്രത്തില്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ, 1996ല്‍ കേരളത്തില്‍ നോര്‍ക്ക വകുപ്പ് ആരംഭിച്ചിരുന്നു. അന്ന് ഗള്‍ഫുനാടുകളില്‍ സ്വദേശിവല്‍ക്കരണത്തിന് തുടക്കമായിരുന്നില്ല. എന്നാല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിതാഖാത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയില്‍ പോലും കേരളത്തിന് പിടിച്ചുനില്‍ക്കാനായി.

തിരിച്ചെത്തിയ പ്രവാസികളില്‍ വലിയൊരു വിഭാഗത്തിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡിയോടെ വായ്പ നല്‍കിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര വായ്പാ പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കുന്നതില്‍ ശുഷ്‌കാന്തി ഉണ്ടായിട്ടില്ല. മടങ്ങിയെത്തുന്ന പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വായ്പാ പദ്ധതി. കാര്‍ഷികം, വ്യവസായം, കച്ചവടം, സേവനങ്ങള്‍, ചെറുകിട- ഇടത്തരം ഉല്‍പാദന സംരംഭങ്ങള്‍ എന്നിവക്കാണ് വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

chandrika: