X

പൊലീസ് നിഷ്‌ക്രിയം: കോടിയേരി ബാലകൃഷ്ണന്‍

തലശ്ശേരി: പൊലീസ് നിഷ്‌ക്രിയമാണെന്നും ഈ നിലപാട് അക്രമികള്‍ക്ക് ധൈര്യം പകരുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോടിയേരി പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചത്. അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവുന്നില്ല. ഇത് അക്രമികള്‍ക്ക് ധൈര്യം പകരുകയും അക്രമങ്ങള്‍ കൂടാന്‍ കാരണമാകുകയും ചെയ്യുന്നു. ഭയത്തോടെ ആളുകള്‍ക്ക് വീടുകളില്‍ കിടന്നുറങ്ങേണ്ട അവസ്ഥ പൊലീസുണ്ടാക്കരുത്.
നാട്ടില്‍ അക്രമിസംഘങ്ങളുടെ തേര്‍വാഴ്ച നടക്കുകയാണ്. പൊലീസ് കൃത്യമായി ഇടപെടണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധ്യമാവുന്ന ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും തലശ്ശേരി കോടിയേരി മേഖലയിലെ കൊമ്മല്‍വയലില്‍ അക്രമം നടന്ന വീടുകളും പരിക്കേറ്റവരെയും സന്ദര്‍ശിച്ച ശേഷം കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തലശ്ശേരി നങ്ങാറത്ത് പീടികയിലെ ജിജേഷ് സ്മാരകമന്ദിരം ഉദ്ഘാടനം നടന്ന സമയത്ത് യോഗ സ്ഥലത്ത് ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിക്കാന്‍ ശ്രമിച്ച ആളുകള്‍ക്കെതിരെ പൊലീസ് ഒരു നടപടിയുമെടുക്കാത്തതാണ് അക്രമിസംഘത്തിന് ധൈര്യം പകരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയുണ്ടാവണം.
കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമാധാന കമ്മിറ്റി തന്നെ പ്രശ്‌നം ഗൗരവമായി പരിശോധിക്കണം.
എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും വീടുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ലെന്ന് സര്‍വകക്ഷിയോഗം തീരുമാനിച്ചതാണ്. ഈ തീരുമാനം ലംഘിച്ചുള്ള പ്രവര്‍ത്തനം ഗൗരവമായി കാണണം. ഓരോ കേസും പ്രത്യേകമായി പരിശോധിച്ച് നിയമത്തിന് മുന്നില്‍കൊണ്ടുവരികയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാവുകയും വേണമെന്നും കോടിയേരി പറഞ്ഞു.

chandrika: