X

കണ്ണീരില്‍ കുതിര്‍ന്ന് പ്രണയം, കരുണയില്ലാതെ പൊലീസ്

സ്വന്തം ലേഖകന്‍

കോട്ടയം: മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് മാന്നാനത്തെ ബന്ധു വീട്ടില്‍നിന്ന് കെവിന്‍ പി ജോസഫിനെ ഞായറാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയത്. അപ്പോള്‍ തന്നെ പ്രദേശ വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവസാനം വരേയും ഗുരുതരമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സംഭവമുണ്ടായപ്പോള്‍ തന്നെ ഗാന്ധിനഗര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല.

രാവിലെ ആറു മണിക്ക് കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് ജോസഫ് ജേക്കബ് ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് അവഗണിച്ചു. തട്ടിക്കൊണ്ടുപോയവരുമായി ഗാന്ധി നഗര്‍ എസ്.ഐ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വന്നശേഷം നടപടിയെടുക്കാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. 11 മണിയോടെ വധു നീനുവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്നും വൈകീട്ട് മുഖ്യമന്ത്രി പോയശേഷം നോക്കാമെന്നുമായിരുന്നു എസ്.ഐയുടെ മറുപടി. ഇതേതുടര്‍ന്ന് നീനു പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നതോടെ വൈകുന്നേരത്തോടെ പൊലീസ് കേസെടുത്തു.

കോട്ടയം അമലഗിരി കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായ കൊല്ലം തെന്മല സ്വദേശി നീനു(21) കഴിഞ്ഞ 24 നാണ് വീടുവിട്ടിറങ്ങിയത്. താന്‍ കെവിനൊപ്പം പോകുന്ന വിവരം പെണ്‍കുട്ടി വീട്ടില്‍ ഫോണ്‍ചെയ്ത് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കെവിനുമായി പ്രണയത്തിലാണെന്ന് മനസിലായതോടെ ബന്ധുക്കള്‍ ഇവരെ അന്വേഷിച്ച് കോട്ടയത്തും തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലിസ് സ്‌റ്റേഷനിലും എത്തി. ഇതിനിടെ കെവിനും നീനുവും തമ്മില്‍ 500 രൂപയുടെ മുദ്രപത്രം നോട്ടറി മുഖാന്തിരം തയ്യാറാക്കി അഭിഭാഷകന്റെ സഹായത്തോടെ ഓണ്‍ലൈന്‍ വഴി വിവാഹം താല്‍ക്കിലകമായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എത്തിയ യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം യുവാവിനേയും യുവതിയേയും സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. സ്‌റ്റേഷനിലെത്തിയ ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ കാണിച്ചുവെങ്കിലും യുവതിയോട് പിതാവിനൊപ്പം പോകുവാന്‍ പൊലീസ് നിര്‍ബന്ധിച്ചു. പിതാവിന്റെ കൂടെ പോകാന്‍ വിസമ്മതിച്ച യുവതിയെ സ്‌റ്റേഷനിലിട്ട് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്തു. സമീപവാസികളുടെ ഇപപെടലിനെ തുടര്‍ന്ന് യുവതി യുവാവിന്റെ ബന്ധുക്കളുടെ അടുത്തെത്തുകയും അവരോടൊപ്പം പോകുകയുമായിരുന്നു.

ജീവന് ഭയമുള്ളതിനാല്‍ നീനുവിനെ അമലഗിരിയിലുള്ള ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ച ശേഷം കെവിന്‍ ബന്ധുവായ അനീഷിന്റെ മാന്നാനത്തെ വീട്ടിലേക്ക് മാറി. എന്നാല്‍ രാത്രി രണ്ടുമണിയോടെ ഇവിടെ അന്വേഷിച്ചെത്തിയ നീനുവിന്റെ ബന്ധുക്കള്‍ വീട് ആക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് നടന്ന സംഭവത്തിന്റെ വിവരം അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും വൈകുന്നേരത്തോടെയാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പൊലീസ് ശ്രമിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷമാണ് പൊലീസ് അനങ്ങിത്തുടങ്ങിയത്. തട്ടിക്കൊണ്ടുപോയ വിവരം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയുരുന്നെങ്കില്‍ മിനിട്ടുകള്‍ക്കുള്ളില്‍ വാഹനം പിടിച്ചെടുത്ത് കെവിനെ രക്ഷിക്കാമായിരുന്നു. അതിന് മതിരാതെ അക്രമി സംഘത്തിന് ഒരു തടസ്സവുമില്ലാതെ കോട്ടയം മുതല്‍ കൊല്ലം വരെ കെവിനെയും കൊണ്ടുപോകാന്‍ പൊലീസ് സൗകര്യം ചെയ്തുകൊടുത്തതായും കെവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

chandrika: