X

കിം ജോങ് ഉന്‍ വീണ്ടും ചൈനയില്‍

 

ബീജിങ്: കൊറിയന്‍ സമാധാന പ്രക്രിയകള്‍ ഊര്‍ജിതമായി തുടരവെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും ചൈയനിലെത്തി. വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ദാലിയനിലെത്തിയ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി.
മാര്‍ച്ച് അവസാനം ചൈനീസ് തലസ്ഥാനമായ ബീജിങില്‍ ഉന്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉന്‍ കൂടിക്കാഴ്ച നടത്താനിരിക്കെ രണ്ടു മാസത്തിനിടെ വീണ്ടും ചൈനയിലെത്തിയത് ഏറെ കൗതുകത്തോടെയാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കാണുന്നത്. സ്വകാര്യ വിമാനത്തിലാണ് അദ്ദേഹം ദാലിയനില്‍ എത്തിയതെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി യാങ് യിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ സ്വീകരിച്ചു. കവചിത തീവണ്ടികളിലാണ് ഉന്‍ ബീജിങില്‍ എത്തിയിരുന്നത്. ഉത്തരകൊറിയന്‍ നേതാക്കന്‍മാര്‍ പൊതുവെ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഭയക്കുന്നവരാണ്. കൊറിയന്‍ ഉച്ചകോടിക്ക് ശേഷമുള്ള വിവരങ്ങളും ഉത്തരകൊറിയയുടെ ആണവായുധനിര്‍വ്യാപന പ്രവര്‍ത്തനങ്ങളും ഉന്‍ ചൈനീസ് പ്രസിഡന്റിന് വിശദീകരിച്ചുകൊടുത്തു.

chandrika: