X

കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയുന്നില്ല; കൊച്ചി മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ പദവിയില്‍ തര്‍ക്കം മുറുകുന്നു

കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തിന്റെ പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പദവിയില്‍ തര്‍ക്കം മുറുകുന്നു. കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണപ്രകാരം കാലാവധി കഴിഞ്ഞിട്ടും ആര്‍.എസ്.പി അംഗം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒഴിയുന്നില്ലെന്നാണ് ആക്ഷേപം. അധ്യക്ഷയോട് പാര്‍ട്ടി സ്ഥാനമൊഴിയാനാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആര്‍.എസ്.പി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പദവി ഒന്നര വര്‍ഷത്തിന് ശേഷം വെച്ചുമാറണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ആര്‍.എസ്.പിയും തമ്മിലെ ധാരണ. രണ്ട്‌വര്‍ഷം കഴിഞ്ഞ് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സ്ഥാനമൊഴിഞ്ഞില്ലെന്ന ആരോപണമാണ് പൊതുമരാമത്ത് അധ്യക്ഷ സുനിത ഡിക്സനെതിരെ ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനമാണ് ഇതെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുവരെ രേഖാമൂലം തന്നോട് പദവി ഒഴിയണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുനിത ഡിക്സന്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന് ലഭിച്ച പ്രധാന പദവി പങ്കുവെക്കുന്നതില്‍ ധാരണ തെറ്റിച്ചാല്‍ അതിനെ മറികടക്കുമെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കി.

 

webdesk14: