X

മാവോയിസ്റ്റ് വേട്ട: വി.എസിനെയും സി.പി.ഐയെയും തള്ളി കോടിയേരി

  • രാജേഷ് വെമ്പായം

തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ചും എതിര്‍ത്തും സി.പി.എം നേതാക്കള്‍. വേട്ടക്കെതിരെ വി.എസ് അച്യുതാനന്ദന്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ മാവോവാദികളുടെ ചിന്തകളെ പിന്തുണക്കുന്നതും പുകഴ്ത്തുന്നതും അപകടമാണെന്ന വാദവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. വി.എസിന്റെയും സി.പി.ഐയുടെയും നിലപാടിനെ പാടേ തള്ളിക്കൊണ്ടാണ് നിലമ്പൂരില്‍ നടന്നത് മാവോയിസ്റ്റ് വേട്ടയാണെന്ന് കോടിയേരി സമര്‍ത്ഥിക്കുന്നത്.

മാവോയിസ്റ്റുകളെ പിടികൂടുകയാണ്, വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ലേഖനം എഴുതിയതിന് പിന്നാലെയാണ് വി.എസിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. മാവോയിസ്റ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ ആദ്യം രംഗത്തെത്തിയ സി.പി.ഐ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനകളൊന്നും വേണ്ടെന്ന് സംസ്ഥാന നിര്‍വാഹക സമിതിയില്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് സി.പി.എമ്മിലെ മുതിര്‍ന്ന നേതാവിന്റെയും സംസ്ഥാന സെക്രട്ടറിയുടെയും അഭിപ്രായ പ്രകടനങ്ങള്‍.

മാവോവാദികളെ മനസിലാക്കുക എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ നിലമ്പൂരില്‍ നടന്നത് ഏറ്റുമുട്ടലാണെന്ന് സമര്‍ത്ഥിക്കുന്നത്. മാവോവാദികള്‍ പൊലീസിനെ വെടിവെച്ചു എന്ന വെളിപ്പെടുത്തലിനോട് അവിശ്വാസം വേണ്ടെന്നും സംഭവങ്ങളെ നിഷ്പക്ഷതയോടെ സമീപിക്കുന്ന ആര്‍ക്കും ഏറ്റുമുട്ടലാണ് നടന്നതെന്ന് ബോധ്യമാകുമെന്നും അദ്ദേഹം ലേഖനത്തില്‍ വിശദീകരിക്കുന്നു. മാവോയിസ്റ്റുകള്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരാണ്. ബംഗാളിലെ ഇടതുപക്ഷ ഭരണകാലത്ത് പശ്ചിമ ബംഗാളില്‍ ബുദ്ധദേവ് സര്‍ക്കാറിനെ ഒറ്റപ്പെടുത്താന്‍ കൂട്ടുനില്‍ക്കുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായി മഹാസഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരാണെന്നും പറയുന്ന ലേഖനത്തില്‍ സി.പി.എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകരെ വകവരുത്താന്‍ മാവോയിസ്റ്റുകള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതായും പറയുന്നു. സി.പി.ഐ നിലപാടുകളെ പാടേതള്ളിക്കളയുന്ന പരാമര്‍ശങ്ങളാണ് കോടിയേരി ലേഖനത്തില്‍ നടത്തിയിരിക്കുന്നത്.

മാവോയിസ്റ്റുകളെ കൊന്ന നടപടി തെറ്റെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് വി.എസ് നേരത്തെ കത്തയച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

chandrika: