X

കൊളത്തൂര്‍ മുഹമ്മദ് മൗലവി അന്തരിച്ചു

മലപ്പുറം: ഭാഷാസമര മുന്നണി പോരാളിയും വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കര്‍ത്താവും മതപണ്ഡിതനും പ്രഭാഷകനും മുന്‍ പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അന്തരിച്ചു. 74 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് കൊളത്തൂര്‍ ജലാലിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മാലാപറമ്പിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, മലപ്പുറം ജില്ലാ ട്രഷറര്‍, പുറമണ്ണൂര്‍ മജ്‌ലിസ് വിദ്യാഭ്യാസ സമുച്ചയ സമിതി ജനറല്‍ സെക്രട്ടറി, എസ്.ഇ.ആര്‍.ടി ഗവേണിങ് ബോഡി മെമ്പര്‍, പുലിക്കോട്ടില്‍ ഹൈദര്‍ കലാപഠനകേന്ദ്രം ഉപാധ്യക്ഷന്‍, കൊളത്തൂര്‍ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സമിതി അധ്യക്ഷന്‍, റിട്ടയേര്‍ഡ് അറബി അധ്യാപകരുടെ കൂട്ടായ്മയായ ‘ഇമാം’ (ഇത്തിഹാദു മുഅല്ലിമീന്‍ ലുഅത്തില്‍ അറബിയ്യ അല്‍ മുത്തഖാഇദീന്‍) സംസ്ഥാന കണ്‍വീനര്‍, റിട്ടയേര്‍ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളുടെ ഫോറത്തിന്റെ സഹകാര്യദര്‍ശി, ‘അല്‍ ബുഷ്‌റ’ അറബി മാസികഅഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചുവരികയായിരുന്നു.
താഴത്തേതില്‍ അബ്ദുല്‍ ഖാദറിന്റെയും ഉണ്ണിപ്പാത്തുമ്മയുടെയും മകനായി 1946 ഫെബ്രുവരി നാലിന് കൊളത്തൂരില്‍ ജനനം. കൊളത്തൂര്‍ എ.എല്‍.പി. സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ പുലമാന്തോള്‍, നാഷണല്‍ ഹൈസ്‌കൂള്‍ കൊളത്തൂര്‍, ജലാലിയ്യ ജുമാമസ്ജിദ് മസ്ജിദുദര്‍സ്, ഭാഷാ അധ്യാപക പരിശീലന കേന്ദ്രം കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. 1964 മുതല്‍ 1994 വരെ തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. 1994 മുതല്‍ 2000 വരെ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗവുമായിരുന്നു. 1991ല്‍ മലപ്പുറം ജില്ലാ പ്രഥമ ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു. 1978 കെ.എ.ടി.എഫ് സംസ്ഥാന ആക്ടിങ് പ്രസിഡന്റും 1990ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1975ലും ഭാഷാസമരം നടന്ന 1980ലും കെ.എ.ടി.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു.
2010ല്‍ ദമാം കെ.എം.സി.സിയുടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്. 2011ല്‍ അറബിഭാഷാ പഠനപ്രചാരണ രംഗത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫാറൂഖ് കോളജ് പി.ജി ആന്റ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ്. 2013ല്‍ മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സീതി സാഹിബ് അവാര്‍ഡ്, 2014ല്‍ മുസ്‌ലിംലീഗ് കോഴിക്കോട് സിറ്റി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ സി.എച്ച്. മുഹമ്മദ് കോയാ അവാര്‍ഡ് എന്നീ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2018ല്‍ കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി കരുവള്ളി മുഹമ്മദ് മൗലവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരവും നേടി. ഭാഷാസമരത്തെ തുടര്‍ന്നുണ്ടായ മലപ്പുറം വെടിവെയ്പ് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് നാരായണപിള്ള മുമ്പാകെ മൊഴികൊടുത്തിട്ടുണ്ട്. കണ്ണന്‍ എന്ന പൊലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
ഭാര്യ: ജമീല റിട്ട. അധ്യാപിക, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ബോര്‍ഡില്‍ മുസ്‌ലിംലീഗ് അംഗമായിരുന്നു. മക്കള്‍: മുഹമ്മദ് ഇബ്രാഹീം (അബുദാബി), മുഹമ്മദ് മുക്താര്‍ (അധ്യാപകന്‍ പി.ടി.എം.എച്ച്.എസ്.എസ് എടപ്പലം), മുഹമ്മദ് ഷിഹാബ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പാങ്ങ് പി.എച്ച്.സി), അമീന ഷാനിബ (ഒമാന്‍), ജമീല ലാഫിയ (അധ്യാപിക പടപ്പറമ്പ പി.കെ.എച്ച്.എം. എല്‍.പി.സ്‌കൂള്‍). മരുമക്കള്‍: ഫെബിന (അധ്യാപിക, എ.എം.എച്ച്.എസ്.എസ് തിരൂര്‍ക്കാട്), ആബിദ (അധ്യാപിക, വളാഞ്ചേരി എം.ഇ.എസ് എച്ച്.എസ്), നഷീദ (അധ്യാപിക, ഗവ. എല്‍.പി സ്‌കൂള്‍ അത്തിപ്പറ്റ), ബാബു നൗഷാദ് എം.ഡി (ഒമാന്‍ ബുറൈമി യൂണിവേഴ്‌സിറ്റിയില്‍ അലൈഡ് സയന്‍സ് ഫാക്കല്‍റ്റി), അഫ്‌സല്‍ ജമാല്‍ (അധ്യാപകന്‍, ഗവ.കോളജ് കൊണ്ടോട്ടി). രാവിലെ ഒമ്പതരക്ക് നടന്ന ആദ്യ മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പി.മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, മന്ത്രി കെ.ടി.ജലീല്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ ശിച്ചു.

chandrika: