X

സംസ്ഥാന സര്‍ക്കാര്‍ ബാര്‍ ഉടമകളുമായി ഒത്തുകളിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: കള്ളും ബിയറും വൈനുമൊന്നും മദ്യമല്ലെന്ന വാദവുമായി സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിന്റെ പിന്‍മാറ്റം സംശയാസ്പദമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ പരോക്ഷമായി ചോദ്യം ചെയ്ത് സംശയവുമായി കോടതിയെ സമീപിച്ചത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ തനിനിറം വ്യക്തമാക്കുന്നു.

മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളെയും ബിയര്‍വൈന്‍ പാര്‍ലറുകളെയും ഒഴിവാക്കണമെന്ന ആവശ്യം വിവാദമായപ്പോള്‍ കോടതിയില്‍ നിന്ന് പിന്‍വലിഞ്ഞ സര്‍ക്കാര്‍, പഞ്ച നക്ഷത്ര ബാറുകാരെയും വന്‍കിട ഹോട്ടലുകാരെയും പിന്‍വാതില്‍ വഴി സഹായിക്കാനാണ് നീക്കം നടത്തുന്നത്. ദേശീയ-സംസ്ഥാന പാതകളിലെ 586 ബിയര്‍വൈന്‍ പാര്‍ലറുകളും ബീവറേജ് കോര്‍പ്പറേഷന്റെ 200ലേറെ ഔട്ട് ലെറ്റുകളും നൂറിലേറെ കള്ളു ഷാപ്പുകളും മാര്‍ച്ച് 31ന് അടച്ചുപൂട്ടേണ്ടി വരും.

കോടതിയില്‍ കേസ്സാക്കി തല്‍ക്കാലം അടച്ചുപൂട്ടലില്‍ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കനത്ത തോല്‍വി മുന്നില്‍ കണ്ടാണ് പിന്മാറിയത്. സ്റ്റേ ആവശ്യവുമായി ബാര്‍ ഹോട്ടലുകാര്‍ കോടതിയില്‍ പോവുന്നതിന് സാഹചര്യമൊരുക്കി കോടതിയില്‍ ഒത്തുകളിക്കാണ് നീക്കം നടക്കുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സ്വബോധം വീണ്ടെടുത്ത് ‘സംശയം’ അവസാനിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവണം. ദേശീയ-സംസ്ഥാന പാതകളിലെ 500 മീറ്റര്‍ പരിധിയിലെ എല്ലാ മദ്യഷാപ്പുകളും അടച്ചു പൂട്ടുമെന്ന് ഉറപ്പാക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: