X
    Categories: main stories

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ്: ഉത്തരവിട്ടയാള്‍ക്ക് വട്ടാണെന്ന് ധനമന്ത്രി; ഉത്തരവിട്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്. റെയ്ഡ് ആസൂത്രണം ചെയ്തയാള്‍ക്ക് വട്ടാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ കീഴിലാണ് വിജിലന്‍സ് വകുപ്പ്. മുഖ്യമന്ത്രി അറിയാതെ കെഎസ്എഫ്ഇ പോലുള്ള ഒരു സ്ഥാപനത്തില്‍ റെയ്ഡ് നടക്കില്ല.

ആഭ്യന്തരവകുപ്പിന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണല്‍ സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍, ഉന്നതതലത്തില്‍ അറിയാതെ കെഎസ്എഫ്ഇ പോലുള്ള ഒരു സ്ഥാപനത്തില്‍ പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. റെയ്ഡ് തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും അസംബന്ധമാണെന്നുമായിരുന്നു ഐസക്കിന്റെ കുറ്റപ്പെടുത്തല്‍.

ഈ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ശീതയുദ്ധത്തിലാണ്. ധനകാര്യ വിദഗ്ധനെന്ന് വിലയിരുത്തപ്പെടുന്ന തോമസ് ഐസക് ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന് മുകളില്‍ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ കൊണ്ടുവന്നതില്‍ ഐസകിന് അതൃപ്തിയുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി വിഷയങ്ങളില്‍ ധനമന്ത്രിക്ക് മുഖ്യമന്ത്രിയുമായി ഭിന്നതയുണ്ട്. ഇതിനെല്ലാം പകപോക്കുന്ന തരത്തിലാണ് കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഐസക് പരസ്യമായി തിരിച്ചടിച്ചത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: