X

നാല് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് വേതന സുരക്ഷാ പദ്ധതിയുമായി സഊദി അറേബ്യ

 

റിയാദ്: സഊദി അറേബ്യയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നാല് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വേതന സുരക്ഷാ പദ്ധതി പരിരക്ഷ. പദ്ധതി 13-ാം ഘട്ടം അടുത്ത മാസം ഒന്നിന് നിലവില്‍വരും. 30 മുതല്‍ 39 വരെ ജീവനക്കാരുള്ള പതിനാലായിരത്തോളം സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍വരും. ഈ സ്ഥാപനങ്ങളില്‍ സ്വദേശികളും വിദേശികളും അടക്കം 4,02,477 ജീവനക്കാരാണുള്ളത്. യഥാസയമം തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേതനം ലഭിക്കാത്തത് മൂലം ഉടലെടുക്കുന്ന തൊഴില്‍ കേസുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന വേതന സുരക്ഷാ പദ്ധതി എല്ലാ തൊഴില്‍ മേഖലകൡലെയും വേതന നിലവാരം കൃത്യമായി മനസ്സിലാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തെ സഹായിക്കും.

തൊഴിലാളികള്‍ക്ക് യഥാസമയം വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് മൂവായിരം റിയാല്‍ വീതം പിഴ ചുമത്തുന്നതിന് തൊഴില്‍ നിയമം അനുശാസിക്കുന്നു. വേതനം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങള്‍ വേതന സുരക്ഷാ പദ്ധതി സംവിധാനത്തില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന് രണ്ട് മാസം വൈകിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും ഒഴികെയുള്ള സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെക്കും.

വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് മൂന്ന് മാസം കാലതാമസമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും അടക്കം തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിഷേധിക്കും. തൊഴിലുടമകളുടെ അനുമതി കൂടാതെ തന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളെ മന്ത്രാലയം അനുവദിക്കുമെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ദേശീയ പരിവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയിലൂടെ സ്വകാര്യ മേഖലയില്‍ സുരക്ഷിതവും അനുയോജ്യവുമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.

chandrika: