X

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യക്കും മക്കള്‍ക്കുമെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് ആയിരം കോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റം ചുമത്തിയത്.
മകള്‍ മിസാ ഭാരതി, ഭര്‍ത്താവ് ശൈലേഷ് കുമാര്‍, ലാലുവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മറ്റു മക്കളായ ചന്ദ യാദവ്, രാഗിണി യാദവ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അതേസമയം ബി.ജെ.പിക്കും സംഘ് പരിവാറിനുമെതിരെ നിലപാട് സ്വീകരിക്കുന്നതിനുള്ള പകപോക്കലാണ് തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നതെന്ന ആരോപണം ലാലുപ്രസാദ് യാദവ് ആവര്‍ത്തിച്ചു. ബിനാമി ഇടപാട് (നിരോധന) നിയമത്തിലെ 24(3) വകുപ്പ് പ്രകാരമാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലാലുപ്രസാദ് യാദവിന്റെ അടുത്ത ബന്ധുക്കളാണ് ബിനാമി ഇടപാടിന്റെ ഗുണഭോക്താക്കളെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഡല്‍ഹി, പറ്റ്‌ന എന്നിവിടങ്ങളിലായി സ്വന്തമാക്കിയ ഭൂമിയും കെട്ടിടങ്ങളും കണ്ടുകെട്ടാനാണ് തീരുമാനം.
മുദ്രപത്രത്തില്‍ 9.32 കോടി രൂപ വില കാണിച്ചിരിക്കുന്ന ഈ സ്ഥാവര സ്വത്തുകള്‍ക്ക് 170-180 കോടി രൂപ വരെ വിപണി വിലയുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണക്കാക്കിയിരിക്കുന്നത്. പറ്റ്‌നയിലെ പുല്‍വാരി ശരീഫില്‍ ഒമ്പത് പ്ലോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒന്നില്‍ ഷോപ്പിങ് മാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ബിനാമി ഇടപാടിന്റെ രേഖകള്‍ കണ്ടെടുത്തത്. ആരോപണം തെളിയിക്കപ്പെട്ടാല്‍ ഏഴു വര്‍ഷം വരെ കഠിന തടവു ലഭിക്കാവുന്ന കുറ്റമാണിത്.
റെയ്ഡുകള്‍ കൊണ്ടൊന്നും തന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് ലാലു നടത്തിയ പ്രതികരണം. തന്നെ നിശ്ശബ്ദമാക്കാനുള്ള ധൈര്യം ബി.ജെ.പിക്കില്ല. ഒരു ലാലുവിനെ നിശബ്ദനാക്കിയാല്‍ ആയിരം ലാലു മുന്നോട്ടു വരും. വ്യാജമായ ഇത്തരം ഭീഷണികളെ താന്‍ കാര്യമാക്കുന്നില്ലെന്നും അന്ന് ലാലു ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 1988 മുതല്‍ ബിനാമി ഇടപാട് നിരോധന നിയമം നിലവിലുണ്ടെങ്കിലും 2016 നവംബര്‍ ഒന്നു മുതലാണ് കാര്യക്ഷമമായി നടപ്പാക്കിത്തുടങ്ങിയത്.

chandrika: