X

ആള്‍ക്കൂട്ട കൊല; മോദിക്ക് കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി; പരാതിയുമായി കോണ്‍ഗ്രസ്

വര്‍ദ: ആള്‍ക്കൂട്ട കൊലകളിലും പീഡനക്കേസുകളിലും പ്രതികളായവര്‍ക്ക് സുരക്ഷ ഒരുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി ഹിന്ദി സര്‍വകാലാശാല. വര്‍ദയിലുള്ള മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയയില്‍ (എം.ജി.എ.എച്ച്.വി) നിന്നുള്ള ആറ് വിദ്യര്‍ഥികളെയാണ് അധികൃതര്‍ പുറത്താക്കിയത്.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധര്‍ണ സംഘടിപ്പിക്കുന്നത് ചട്ടലംഘനമാണെന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ സര്‍വകലാശാലയുടേത് വിവേചനപരമായ പ്രതികാര നടപടിയാണെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ ആരോപിച്ചു.

രാഷ്രീയ മുന്‍വിധിയോടെയുള്ള നടപടിയാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് കാണിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്തെത്തി. 6 പിന്നോക്ക വിദ്യാര്‍ത്ഥികളെ പുറത്താക്കിയ വിഷയത്തില്‍ മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയില്‍ നിന്നും ആറ് പേരെ മാത്രം തെരഞ്ഞെടുത്ത് പുറത്താക്കുകയായിരുന്നു എന്നാണ് പരാതി. പുറത്താക്കിയവരില്‍ മൂന്ന് പേര്‍ ദലിതുകളും മറ്റുള്ളവര്‍ ഇതര പിന്നോക്ക വിഭാഗക്കാരുമാണ്.
ഒക്ടോബര്‍ 9ന് ബഹുജന്‍ നേതാവ് കാന്‍ഷി റാമിന്റെ ചരമ വാര്‍ഷികത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തൊട്ടടുത്ത ദിവസം വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ചന്ദ്രന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സാരഥി, രജനീഷ് അംബേദ്ക്കര്‍, പങ്കജ് വേല, വൈഭവ് പിംബല്‍ക്കര്‍ എന്നിവരെയാണ് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയത്.

chandrika: