X

ഓവര്‍ ബുക്കിംഗ്: മലയാളി പറന്നത് 17 മണിക്കൂര്‍ പിന്നിട്ട്

അബുദാബി: ഓവര്‍ ബുക്കിംഗ് കാരണം വിമാനത്തില്‍ സീറ്റില്ലാതിരുന്നതിനാല്‍ മലയാളി യാത്രക്കാരന് വിമാന കമ്പനി വക ദുരിതം. പാലക്കാട് ചാലിശ്ശേരി സ്വദേശി സജീര്‍.സി മൊയ്തുവാണ് ടിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും യഥാസമയം യാത്ര ചെയ്യാനാവാതെ വലഞ്ഞത്. ലുലു കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡിപാര്‍ട്‌മെന്റ് ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇ.വൈ 282 ഇത്തിഹാദ് എയര്‍വേസിലാണ് സജീര്‍ യാത്ര തിരിക്കേണ്ടിയിരുന്നത്. 9.35ന് പറന്നുയരേണ്ട വിമാനത്തില്‍ കയറാനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടില്‍ എത്തിയ

 

ശേഷമാണ് വിമാനത്തില്‍ തനിക്ക് സീറ്റില്ലെന്ന വിവരം അറിയുന്നതെന്ന് സജീര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. മറ്റു 5 യാത്രക്കാര്‍ക്കും ഇതേ അനുഭവം നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റില്ലാത്തതിനാല്‍ പുലര്‍ച്ചെ 2.25നുള്ള വിമാനത്തില്‍ യാത്രാ സൗകര്യം തരപ്പെടുത്തി തരാമെന്നായിരുന്നു ആദ്യ ഉറപ്പ്. പ്രസ്തുത സമയത്തും സീറ്റൊപ്പിക്കാന്‍ വിമാന കമ്പനിക്കായില്ല. പിന്നെയും കൃത്യ സമയം പറയാന്‍ കൗണ്ടര്‍ ജീവനക്കാര്‍ക്കായില്ല. ഇത് ചോദ്യം ചെയ്തതോടെ ഹോട്ടലില്‍ താമസം ഏര്‍പ്പാടാക്കി നല്‍കി. ഏറെ വൈകി 17 മണിക്കൂറിന് ശേഷം ഇന്നലെ ഉച്ച 2.30ന് സജീറിന് നാട്ടിലേക്ക് പുറപ്പെടാനായത്.

chandrika: