X

‘വലിയ ദുരന്തം; യുദ്ധകാല അവസ്ഥക്കു സമാനം’ മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വീണ്ടും രംഗത്ത്. നോട്ട് നിരോധനത്തെ യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തിയാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍സിങ് ഇക്കാര്യം പറഞ്ഞത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ് കള്ളപ്പണം. എന്നാല്‍ കള്ളപ്പണം കൈയിലുള്ളവര്‍ അത് കറന്‍സിയായിട്ടില്ല സൂക്ഷിക്കുക. പകരം അത് സ്ഥലമായിട്ടോ സ്വര്‍ണമായിട്ടോ വിദേശരാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റാറാണ് പതിവ്. അതിനാല്‍ അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമായ നീക്കമോ ആയി നോട്ടു പിന്‍വലിച്ച നടപടിയെ കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു നീക്കം ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസ്യത തകര്‍ക്കുമെന്നും മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.

മുന്‍ സര്‍ക്കാറുകളുടെ കാലത്തും കള്ളപ്പണം പിടികൂടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയായിരുന്നില്ല ആ നീക്കങ്ങള്‍. കള്ളപ്പണക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഓരോ നടപിയും യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കൈയിലുള്ള കള്ളപ്പണത്തിന്റെ ചെറിയ അനുപാതം മാത്രം നോട്ടുകളായി സൂക്ഷിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടിയായിരുന്നില്ല മോദി സര്‍ക്കാറിന്റെ നോട്ടു പിന്‍വലിക്കല്‍. അതിദാരുണമായ അവസ്ഥയാണ് സാധാരണക്കാര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ സ്വന്തം ദൈനംദിന ചെലവുകള്‍ക്കായി പണത്തിന് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. യുദ്ധകാലത്ത്് കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിന് സമാനമാണ് നിലവിലെ അവസ്ഥയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

chandrika: