X

ജെയ്റ്റ്‌ലിയുടെ ക്ഷണം നിരസിച്ച് മണിക് സര്‍ക്കാര്‍

അഗര്‍ത്തല: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ പാനലില്‍ അംഗമാകാനുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ക്ഷണം നിരസിച്ചു. നോട്ട് അസാധുവാക്കലിന്റെ അനന്തരഫലങ്ങള്‍ പരിശോധിക്കാനും പണരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റത്തിനുള്ള മാര്‍ഗരേഖയുണ്ടാക്കാനുമുള്ള മുഖ്യമന്ത്രിമാരുടെ പ്രത്യേക പാനലില്‍ അംഗമാകാനുംധനമന്ത്രിയുടെ ക്ഷണമാണ് മണിക് സര്‍ക്കാര്‍ നിരാകരിച്ചത്.

 
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കലിനെ ഒരു തരത്തിലും പിന്തുണക്കില്ലെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ കമ്മിറ്റിയില്‍ അംഗമാകാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ ഉപദേശ പ്രകാരം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ വിളിച്ചിരുന്നതായി പറഞ്ഞ സര്‍ക്കാര്‍ പണരഹിത ഇടപാടുകള്‍ വലിയതോതില്‍ വ്യാപിപ്പിക്കാനുതകുന്ന നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിന് വേണ്ടിയുള്ള മുഖ്യമന്ത്രിമാരുടെ പാനലില്‍ അംഗമാകണമെന്ന് അഭ്യര്‍ത്ഥിച്ചതായും.

 
എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് ജെയ്റ്റ്‌ലിയോട് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനെതിരെ ഒന്നിച്ച് നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധത്തിന്റെ ചൂടുകുറയ്ക്കാനാണ് വ്യത്യസ്ത പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രത്യേക കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമം. ബിജെപിയുടെ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയുടെ എന്‍ ചന്ദ്രബാബു നായിഡുവിനെയാണ് കമ്മിറ്റിയുടെ അധ്യക്ഷനായി തീരുമാനിച്ചിരിക്കുന്നത്.

പ്രതിക്ഷ പാര്‍ട്ടികളില്‍ നിന്ന് ബീഹാറിലെ നിതീഷ് കുമാറിനേയും ഒഡീഷയിലെ നവീന്‍ പട്‌നായികിനേയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയേയും പാനലില്‍ അംഗമാക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.  മധ്യപ്രദേശിലെ ബിജെപിയുടെ ശിവരാജ് സിങ് ചൗഹാനും മുഖ്യമന്ത്രിമാരുടെ പാനലില്‍ ഉണ്ട്. എന്നാല്‍ സഖ്യ കക്ഷികളില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കമ്മിറ്റിയില്‍ അംഗമാവാന്‍ താല്‍പര്യമില്ലെന്ന് ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ നോട്ട് നിരോധിക്കാനുള്ള തീരുമാനത്തെ പരസ്യമായി പിന്തുണച്ച് നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതിനെ എതിര്‍ത്തു കൊണ്ടും മുന്നോട്ടു വന്നിരുന്നു.

chandrika: