X

തുളുനാട്ടില്‍ ഏണി കയറി എം.സി ഖമറുദ്ദീന്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സി ഖമറുദ്ദീനെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഏണിയിലേറ്റി ആഹ്ലാദം പങ്കുവെക്കുന്ന പ്രവര്‍ത്തകര്‍ (ചിത്രം: കെ ശശി)

അബ്ദുല്ലക്കുഞ്ഞി ഉദുമ
മഞ്ചേശ്വരം: ഭാഷാസംഗമ ഭൂമിയായ മഞ്ചേശ്വരത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവിനെ ഒരിക്കല്‍ കൂടി യു.ഡി.എഫ് കോട്ടകെട്ടി തടഞ്ഞു. കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരത്ത് താമരവിരിയിക്കാന്‍ വര്‍ഷങ്ങളായി ബി.ജെ. പി നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിനാണ് ഒരിക്കല്‍ കൂടി മതേതര ജനാധിത്യ വിശ്വാസികള്‍ തിരിച്ചടി നല്‍കിയത്. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ത്രികോണ മത്സരത്തില്‍ മുസ്്‌ലിംലീഗിലെ എം.സി ഖമറുദ്ദീന്‍ ചരിത്രവിജയമാണ് നേടിയത്. മുഖ്യഎതിരാളി ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാറിനെ 7923വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖമറുദ്ദീന്‍ പരാജയപ്പെടുത്തിയത്. എം.സി ഖമറുദ്ദീന് 65,407വോട്ടും രവീശതന്ത്രിക്ക് 57,484വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ 38233 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യു.ഡി.എഫിന് 8537 വോട്ടിന്റെ വര്‍ധനവുണ്ടായപ്പോള്‍ ബി.ജെ. പിക്ക് 703 വോട്ടു മാത്രമാണ് അധികം നേടാനായത്. ഇടതുപക്ഷത്തിന് 4332 വോട്ടുകള്‍ കുറയുകയും ചെയ്തു. വോട്ടെണ്ണിത്തുടങ്ങുമ്പോള്‍ തന്നെ മുന്നിട്ടു നിന്ന എം.സി ഖമറുദ്ദീന്‍ ഈ ട്രന്റ് ഒടുക്കംവരെ നിലനിര്‍ത്തിയും ക്രമാനുഗതമായി ലീഡ് നില ഉയര്‍ത്തിയുമായാണ് വന്‍ വിജയം സ്വന്തമാക്കിയത്.
പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എം.സി മറിയുമ്മയുടെയും മകനാണ് ഖമറുദ്ദീന്‍. പടന്ന എം.ആര്‍.വി.എച്ച്.എസ്.എസില്‍ പഠിക്കുമ്പോള്‍ എം.എസ്.എഫ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1980-81 വര്‍ഷത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പഠിക്കുമ്പോള്‍ ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമാണ്.
തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച് 1995 മുതല്‍ 2000വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കുമ്പള ഡിവിഷനില്‍ നിന്നും വിജയിച്ച് 2005 മുതല്‍ 2010 വരെ ജില്ലാ പഞ്ചായത്ത് അംഗവുമായി. യു.ഡി.എഫ് ഭരണകാലത്ത് മലബാര്‍ സിമന്റ്സ് ഡയറക്ടര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: എം.ബി റംലത്ത്. മക്കള്‍: ഡോ. മുഹമ്മദ് മിദ്‌ലാജ്. മുഹമ്മദ് മിന്‍ഹാജ്, മറിയമ്പി, മിന്‍ഹത്ത്.

chandrika: