X

പരീക്കറിന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി

പനാജി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഗോവയില്‍ ബി.ജെ.പിയ്ക്ക് തുടര്‍ ഭരണം പ്രവചിക്കുമ്പോഴും കാര്യങ്ങള്‍ ബി.ജെ.പിയ്ക്ക് അത്ര പന്തിയല്ലെന്നാണ് ഗോവയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ സ്വന്തം തട്ടകമായ പനാജി സീറ്റിലടക്കം ബി.ജെ.പി ഇത്തവണ നേരിടുന്നത് കനത്ത വെല്ലുവിളിയാണ്. പരീക്കറിന്റെ രാഷ്ട്രീയ ഗുരുവായ ആര്‍.എസ്.എസ് മുന്‍ സംസ്ഥാന തലവന്‍ സുഭാഷ് വെലിങ്കാര്‍ നേതൃത്വം നല്‍കുന്ന ഗോവ സുരക്ഷാ മഞ്ചാണ് (ജി.എസ്.എം) ബി. ജെ. പിക്ക് തലവേദന സൃഷ്ടിക്കുന്നത്.

വെലിങ്കാറിന്റെ നേതൃത്വത്തിലുള്ള ജി.എസ്.എം പരീക്കറുടെ മണ്ഡലത്തില്‍ അദ്ദേഹവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യവസായി കൃഷ്ണരാജ് എന്ന രാജു സുകേര്‍കറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എം.എല്‍.എ, മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, പ്രതിരോധ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചപ്പോഴെല്ലാം പരീക്കര്‍ സന്ദര്‍ശിക്കാറുള്ളതാണ് സുരേകറുടെ വസതി. അതിനാല്‍ തന്നെ സുരേകറിനെതിരായി പ്രചരണം നടത്തുക പരീക്കറിന് ഏറെ ദുഷ്‌കരവുമാണ്. നിലവിലെ എം.എല്‍.എയും പരീക്കറുടെ നോമിനിയുമായ സിദ്ധാര്‍ത്ഥ് കുന്‍കോലിനേക്കറാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

 

സൗഹാര്‍ദ്ദവും രാഷ്ട്രീയവും രണ്ടാണെന്നും ജി.എസ്.എമ്മിന് ജയിക്കുമെന്ന കാര്യത്തില്‍ 110 ശതമാനം വിശ്വാസമുണ്ടെന്നും സുരേകര്‍ പറഞ്ഞു. 40 സീറ്റുകളിലേക്ക് 10 രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രരും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അധികാരം തിരിച്ചു പിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ന്യൂനപക്ഷ വോട്ടു ബാങ്കിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. അതേ സമയം ജി.എസ്.എം, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ വികാസ് പാര്‍ട്ടി, ഗോവ സുരാജ് പാര്‍ട്ടി, തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനായി മുന്നണി രൂപീകരിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ഹിന്ദു വോട്ടു ബാങ്കില്‍ സഖ്യം വിള്ളലുണ്ടാക്കുമെന്നാണ് കരുതുന്നത്. 37 സീറ്റുകളിലാണ് സഖ്യം മത്സരിക്കുന്നത്.

chandrika: