X
    Categories: Video Stories

ഹാദിയയുടെ തടങ്കല്‍: ‘മതേതര കേരളം നമ്പര്‍ 1’ സോഷ്യല്‍ മീഡിയ കാംപയിന്‍ വൈറലാവുന്നു

ദോഹ: വീട്ടില്‍  താന്‍ നിരന്തര മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും കൊല്ലപ്പെട്ടേക്കുമെന്നുമുള്ള ഡോ.ഹാദിയയുടെ വീഡിയോ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണത്തോടും വാക്കുകളില്‍ മതേതരത്വമൊളിപ്പിക്കുന്നവര്‍ക്കുമെതിരെ ഖത്തറില്‍ നിന്നുള്ള ഒരു വര വന്‍പ്രതിഷേധമായി പടരുന്നു. തന്റെ  അച്ഛന്‍ ഉപദ്രവിക്കുകയാണെന്നും ഏത് സന്ദര്‍ഭത്തിലും   കൊല്ലപ്പെട്ടേക്കുമെന് ഭയമുണ്ടെന്നുമുള്ള ഹാദിയയുടെ വീഡിയോ ഞെട്ടലോടെയാണ് കേരളത്തിലും പുറത്തുമുള്ള മലയാളീ സമൂഹം കേട്ടത്. എന്നാല്‍ വീഡിയോ പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും പിണറായി സര്‍ക്കാറിന്റെയോ  മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുടേയോ ഭാഗത്ത് നിന്ന്  യാതൊരുവിധപ്രതികരണവുമുണ്ടാവാത്തതിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഇടപെട്ടുതുടങ്ങിയത്. സര്‍ക്കാറിന്റേയും മതേതരത്വം ഉദ്‌ഘോഷിക്കുന്നവരുടേയും ഇരട്ടത്താപ്പിനും  നിലപാടിനുമെതിരെയാണ്  ‘മതേതര കേരളം നമ്പര്‍1’ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയാ കാംപയിന്‍ സജീവമായത്.
കേരളം സുരക്ഷിതമാണെന്നുള്ള ‘കേരളം നമ്പര്‍ വണ്‍’ എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ പൊളിച്ചെഴുതുന്നതു കൂടിയാണ് പുതിയ ക്യാമ്പയിന്‍ എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിനെതിരായ സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയെന്നോണം ദേശീയ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പരസ്യമായിരുന്നു കേരളം നമ്പര്‍ വണ്‍. പിന്നീടത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ദോഹയിലെ പ്രശസ്ത കാലിഗ്രാഫി കലാകാരന്‍ മലയാളിയായ കരീം ഗ്രാഫി കക്കോവ് വരച്ച ഹാദിയയുടെ പേരോടുകൂടിയ കാലിഗ്രഫി ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കരീം ഗ്രാഫിയുടെ ചിത്രസഹിതമുള്ള  ‘മതേതര കേരളം നമ്പര്‍1’ എന്ന കാംപയിന്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.  ദോഹയില്‍ തന്നെ ഡിസൈനറായി ജോലി നോക്കുന്ന ലുഖ്മാനുല്‍ ഹക്കീമാണ് ഈ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിം ആക്കി മാറ്റിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരിക്കണക്കിന് പേരാണ് തങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തോടൊപ്പം ഈ ഫ്രെയിം സെറ്റ് ചെയ്ത് രംഗത്തെത്തിയത്. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഈ ഫ്രെയിം മാറ്റുന്നവരുടെ  എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മെഡിക്കല്‍ ബിരുദ ധാരിയായ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ കേരളം എങ്ങിനെ നമ്പര്‍ വണ്‍ ആകും എന്നാണ് ‘മതേതര കേരളം നമ്പര്‍1’ ക്യാമ്പയിന്‍ ഉന്നയിക്കുന്ന ചോദ്യമെന്ന് കരീം ഗ്രാഫി കക്കോവ് ചന്ദ്രിക യോട് പറഞ്ഞു.
കഴിഞ്ഞ അഞ്ചുമാസക്കാലമായി മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയാണ് ഹാദിയ. ഇത് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും പലരുടേയും മതേതരത്വ മുഖം മൂടി ഇതിലൂടെ അഴിഞ്ഞുവീഴുകയാണെന്നും വിലയിരുത്തപ്പെടുന്നു.  ഡോ.ഹാദിയയെ വീട്ടുതടങ്കലില്‍ മരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ഈയ്യിടെ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.  അച്ഛന്‍ നിരന്തരം ഉപദ്രവിക്കുന്നതായും എപ്പോഴും കൊല്ലപ്പെട്ടേക്കാമെന്നുമുള്ള ഹാദിയയുടെ വീഡിയോ രാഹൂല്‍ ഈശ്വറാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.
ഫോട്ടോ- കരീം ഗ്രാഫിയുടെ വൈറലായ ചിത്രം

ചന്ദ്രിക വെബ് ഡെസ്‌ക്‌: