X

മെഡിക്കല്‍ പ്രവേശന പരീക്ഷ ശിരോവസ്ത്ര നിരോധനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഈ മാസം 28ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഉത്തരവിട്ടു. ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫ്, എംഎസ്എഫ് ഹരിത,മെഡിഫെഡ് എന്നിവയും ഫിദ ഫാത്തിമ, ആയിഷ മഷൂറ എന്നിവരും നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 21 (1) ന്റെ ലംഘനമാണ് ശിരോവസ്ത്ര നിരോധനമെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ മതാചാരങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ആ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് മെഡിക്കല്‍ സയന്‍സ് നിര്‍ദേശം. ഇതിനു മുമ്പ് നീറ്റ് പരീക്ഷയില്‍ സി.ബി.എസ്.ഇയുടെ ഭാഗത്ത് നിന്നും ം ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകുകയും അത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയും ചെയ്ത കാര്യവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 28 ന് നടക്കുന്ന പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അഡ്മിറ്റ് കാര്‍ഡില്‍ നിരോധിത വസ്തുക്കളുടെ ഗണത്തിലാണ് ശിരോവസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അഡ്വ. പി. ഇ സജല്‍ കോടതിയെ ബോധിപ്പിച്ചു.

chandrika: