X

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിഹാര്‍ ബി.ജെ.പിയില്‍ കലാപം

പറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിഹാര്‍ ബി.ജെ.പിയില്‍ കലാപം. സിറ്റിങ് സീറ്റായ നവഡയില്‍ നിന്നും ബെഗൂസരായിയിലേക്ക് മാറ്റിയ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി. മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ നിത്യാനന്ദ് റായ് എം.പി ഉള്‍പ്പെടെ അഞ്ചു മുതിര്‍ന്ന നേതാക്കള്‍ ഗിരിരാജ് സിങിനെ അനുനയിപ്പിക്കാനായി ചര്‍ച്ച നടത്തിയെങ്കിലും രണ്ട് നേതാക്കളെ ഗിരിരാജ് കണക്കിന് ശകാരിച്ചു വിട്ടതായാണ് റിപ്പോര്‍ട്ട്.

നവാഡ സീറ്റില്‍ നിന്നും തന്നെ മാറ്റാന്‍ മുതിര്‍ന്ന നേതാക്കള്‍ മനപ്പൂര്‍വം ശ്രമം നടത്തിയെന്നാണ് ഗിരിരാജിന്റെ ആക്ഷേപം. വിശാല സഖ്യ സ്ഥാനാര്‍ത്ഥിയായി ആര്‍.ജെ.ഡിയിലെ തന്‍വീര്‍ ഹസനും സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറുമാണ് ബെഗൂസരായിയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ അന്തരിച്ച ബി.ജെ.പിയുടെ ബോല സിങായിരുന്നു മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചത്. 2004ലും 2009ലും ജെ.ഡി.യുവാണ് ഇവിടെ നിന്നും വിജയിച്ചത്. മുസ്്‌ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ഇത്തവണ മുസ്്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഐക്യ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി കനയ്യ കുമാര്‍ വരുന്നത് വിശാല സഖ്യത്തിന് ക്ഷീണം ചെയ്യും. 1967ല്‍ യോഗേന്ദ്ര ശര്‍മ സി.പി.ഐ ബാനറില്‍ ജയിച്ചതൊഴിച്ചാല്‍ സി.പി.ഐക്ക് ഇവിടെ കാര്യമായ നേട്ടമൊന്നും അവകാശപ്പെടാനില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ടുമാത്രമാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി രാജേന്ദ്ര പ്രസാദ് സിങിന് നേടാനായത്.

അതേസമയം ബിജെപിക്കെതിരെ ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള സീറ്റ് വിഭജനം വിശാല മഹാസഖ്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കലാപം തുടങ്ങിയത് വിശാല സഖ്യത്തിന് ഗുണം ചെയ്യും.

ആര്‍ജെഡി – 20 സീറ്റിലും കോണ്‍ഗ്രസിന് – 9 സീറ്റ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) – 5 , ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) – 3, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) – 3 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.

എല്‍ജെഡി സ്ഥാനാര്‍ഥികള്‍ ആര്‍ജെഡി ചിഹ്നത്തിലാവും മത്സരിക്കുക. കൂടാതെ ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ആര്‍ജെഡിയില്‍ ലയിക്കും. അതേസമയം സിപിഎമ്മുമായുള്ള സീറ്റ് വിഭജനം ബീഹാറിലും തെറ്റിപ്പിരിഞ്ഞു. ഇടതുകക്ഷികള്‍ക്ക് എവിടേയും സീറ്റ് വിഭജനമോ സഖ്യ ധാരണയോ സാധ്യമാകാത്ത സ്ഥിതിയാണുള്ളത്.

chandrika: