X
    Categories: Video Stories

അല്ലാഹുവിന്റെ പേരില്‍ വിമാന റാഞ്ചല്‍ ഭീഷണി; മുംബൈ വ്യവസായി ബിര്‍ജു കിഷോര്‍ സല്ല അറസ്റ്റില്‍

ബിര്‍ജു കിഷോര്‍ സല്ല

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ വിമാന റാഞ്ചല്‍ സന്ദേശം എഴുതിയ കുറിപ്പ് നിക്ഷേപിച്ച കോടീശ്വരന്‍ അറസ്റ്റില്‍. മുംബൈയിലെ ആഭരണ വ്യവസായി ബിര്‍ജു കിഷോര്‍ സല്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന റാഞ്ചല്‍ വിരുദ്ധ നിയമ പ്രകാരം രാജ്യത്ത് അറസ്റ്റിലാവുന്ന ആദ്യത്തെയാളാണ് സല്ല.

ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്യുന്ന തന്റെ കാമുകി, രാജിവെച്ച് തന്റെ കൂടെ ജീവിക്കാന്‍ വേണ്ടിയാണ് മുംബൈ – ഡല്‍ഹി വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഭീഷണി സന്ദേശം കൊണ്ടിട്ടതെന്ന് സല്ല പൊലീസിനോട് പറഞ്ഞു.

‘വിമാനത്തില്‍ റാഞ്ചികള്‍ കയറിയിട്ടുണ്ട്. ലാന്റ് ചെയ്യാതെ നേരെ പാക് അധീന കശ്മീരിലേക്ക് പറക്കുക. പന്ത്രണ്ട് പേരാണ് കയറിയിട്ടുള്ളത്. ലാന്റിങ് ഗിയര്‍ ഇടുകയാണെങ്കില്‍ ജനങ്ങള്‍ മരിക്കുന്ന ശബ്ദം കേള്‍ക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ട്. ഡെല്‍ഹിയില്‍ ലാന്റ് ചെയ്യുകയാണെങ്കില്‍ പൊട്ടിത്തെറിക്കും. അല്ലാഹു ഉന്നതനാണ്…’ എന്നായിരുന്നു ഉര്‍ദുവിലും ഇംഗ്ലീഷുമുള്ള സന്ദേശം. ടോയ്‌ലറ്റില്‍ നിന്ന് എയര്‍ ഹോസ്റ്റസ്സുമാരാണ് ഇത് കണ്ടെടുത്തത്.

മുംബൈ – ഡല്‍ഹി റൂട്ടിലെ സ്ഥിരം യാത്രക്കാരനായ കിഷോര്‍ സല്ല, മുമ്പൊരിക്കല്‍ വിമാനത്തിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട് പരാതിപ്പെട്ടിരുന്നു. ഇതൊഴിച്ചാല്‍ കാര്യമായ കുഴപ്പം ഇയാളില്‍ നിന്നുണ്ടായിട്ടില്ലെന്നാണ് വിമാന അധികൃതര്‍ പറയുന്നത്.

സല്ലയ്ക്കു പിന്നില്‍ സാമൂഹ്യ വിരുദ്ധ സംഘടനകള്‍ ഉണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ജെ.കെ ഭട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേസ് ഐ.എന്‍.എക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന 9 W 339 ജെറ്റ് എയര്‍വേസ് വിമാനം, റാഞ്ചല്‍ സന്ദേശം കണ്ടെത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: