X

അമിത് ഷായുടെ വാര്‍ത്താ സമ്മേളനത്തില്‍ കയറിക്കൂടിയത് അവസാന നിമിഷം; തിരിച്ചടിയായത് ചീത്തപ്പേര് ഒഴിവാക്കാനുള്ള നീക്കം

പ്രധാനമന്ത്രി പദത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന മോദി, ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. അധികാരത്തിലേറിയ ശേഷം ഒരിക്കല്‍ പോലും മാധ്യമങ്ങളെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി, ഇന്നലെ അപ്രതീക്ഷിതയാണ് ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മോദി പങ്കെടുക്കുമെന്ന അറിയിപ്പ് വന്നത് അവസാന നിമിഷമായിരുന്നു. കിട്ടിയ അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാനുള്ള ആര്‍ ജ്ജവം മോദി കാട്ടിയില്ല. വാര്‍ത്താ സമ്മേളനം വിളിച്ചത് അമിത് ഷാ ആയതിനാല്‍ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കില്ലെന്നും ബി.ജെ.പിയുടെ പാര്‍ട്ടി അച്ചടക്കം പാലിക്കുന്നതിനാലാണ് ഇതെന്നുമായിരുന്നു മോദിയുടെ ന്യായീകരണം. അച്ചടക്കമുള്ള പാര്‍ട്ടി പടയാളികള്‍ ആണ് തങ്ങളെന്നും അദ്ദേഹം ന്യായീകരിച്ചു.

അതേസമയം അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരിക്കല്‍പോലും മാധ്യമങ്ങളെ കണ്ടില്ലെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് ഇന്നലെ അവസാന നിമിഷം മോദി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്താ സമ്മേളനത്തിന്റെ സിംഹ ഭാഗവും കൈയടക്കിയത് അമിത് ഷായുടെ ഏകപക്ഷീയ പ്രസംഗമായിരുന്നു. എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ പുകഴ്ത്തിയ അമിത് ഷാ, മോദി സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ വരുമെന്ന് അവകാശപ്പെട്ടു. ഏറ്റവും നല്ല നിലയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും അമിത് ഷാ വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തോടെ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മോദിയും അവകാശപ്പെട്ടു.
അതേസമയം ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍ നടത്തിയ ഗോഡ്‌സെ അനുഭാവ പരാമര്‍ശം ഉള്‍പ്പടെ വിവാദ വിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍ അമിത് ഷായും തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകരുടെ മൂന്നോ നാലോ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയ ഇരവരും വാര്‍ത്താ സമ്മേളനം അവസാനിച്ച് ചേംബറില്‍നിന്ന് മടങ്ങുകയായിരുന്നു.
2014ലേതിനേക്കാള്‍ ബി.ജെ. പിക്ക് ഇത്തവണ സീറ്റു കൂടുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോള്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം നേടുമെന്ന മോദിയുടെ പരാമര്‍ശവും കല്ലുകടിയായി. 2014ല്‍ ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷവും എന്‍. ഡി.എക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമുണ്ടായിരുന്ന സ്ഥാനത്താണ്, ബി.ജെ.പി ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്ന സൂചന നല്‍കുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഊര്‍ജ്ജസ്വലനായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താ സമ്മേളനത്തിലെ ശരീര ഭാഷ പോലും പരാജയ ഭീതി നിഴലിക്കുന്നതായിരുന്നു. അമിത് ഷാ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴെല്ലാം മോദിയെ അസ്വസ്ഥനായാണ് കാണപ്പെട്ടത്.

chandrika: