X
    Categories: Culture

മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമെന്ന് ലാന്റ് റവന്യൂ കമ്മിഷണര്‍

മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ലാന്റ് റവന്യൂ കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പ്രാദേശികമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും പരിശോധിക്കാനാവുന്നില്ലെന്നും മൂന്നാറില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും കമ്മീഷണര്‍ എ.ടി ജെയിംസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

മൂന്നാറില്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണവും വ്യാപകമായി തുടരുകയാണ്. അനധികൃത കൈയേറ്റവും നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ തടസം നില്‍ക്കുകയാണ്. മൂന്നാര്‍, ചിന്നക്കനാല്‍, ഏലമടക്കാടുകള്‍ എന്നിവിടങ്ങളില്‍ കൈയേറ്റവും അനധികൃത നിര്‍മ്മാണവും പെരുകുന്നു. ഏലമലക്കാടുകളില്‍ അനധികൃത കൈയേറ്റത്തിന് പുറമേ ഖനനവും നടക്കുന്നു. പക്ഷേ പ്രാദേശിക എതിര്‍പ്പുകാരണം ഈ കൈയേറ്റങ്ങളോ രേഖകളോ പരിശോധിക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 21 ശുപാര്‍ശകളും കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മൂന്നാറിന്റെ ജൈവ പരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി കെട്ടിട നിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദസഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.
ജില്ലാ കളക്ടര്‍ക്കുള്ള അധികാരങ്ങള്‍ അതോറിറ്റിക്ക് നല്‍കണം. റവന്യൂ,-വനം, കൃഷിവകുപ്പുകളിലെയും പ്രതിനിധികളും പരിസ്ഥിതി സ്‌നേഹികളും അതോറിറ്റിയിലുണ്ടാകണം. കൈയേറ്റങ്ങള്‍ പരിശോധിക്കാനും ഒഴിപ്പിക്കാനുമുള്ള അധികാരം അതോറ്റിക്കുണ്ടാകണം.
മൂന്നാറിനെ സ്പെഷ്യല്‍ ടൂറിസം സോണായി പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്. ദേവികുളം കളക്ടര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ക്രമസമാധാനത്തില്‍ ഇടപെടാന്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസ് വിഭാഗത്തെ കളക്ടറുടെ കീഴില്‍ കൊണ്ടുവരണം. മൂന്നാറില്‍ യൂക്കാലി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് തടയണം. തദ്ദേശ സ്വയംഭരണം മുതല്‍ റവന്യൂവരെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഏലം കൃഷിക്ക് നല്‍കിയ പാട്ട ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മാണമാണ് നടക്കുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയിരിക്കുന്ന പട്ടയഭൂമി ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ളത് ഒഴികെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത്തരം പട്ടയങ്ങള്‍ ഉടന്‍ റദ്ദു ചെയ്യണം. മൂന്നാറിനെ പ്രത്യേക സോണുകളായി തിരിച്ച് പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിച്ച് നടപ്പാക്കണം. മൂന്നാറിനായി സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് പോളിസിയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മൂന്നാറിന്റെ പാരിസ്ഥിക ഘടനയും സവിശേഷതകളും പരിഗണിച്ച് മൂന്നാറിനു മാത്രമായി ഒരു പരിസ്ഥിതി പരിപാലന നയം രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്. നേരത്തെ മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭ പരിസ്ഥിതി സമിതിയും മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചിരുന്നു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ റവന്യൂവകുപ്പ് വീണ്ടും നടപടി ആരംഭിച്ചതോടെ പ്രാദേശികമായ എതിര്‍പ്പുകള്‍ ശക്തമായിട്ടുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കളക്ടറുടെ നടപടി ചോദ്യം ചെയ്ത് ഭരണകക്ഷിയായ സി.പി.എം സമരത്തിലാണ്. ഇതിന് പുറമെ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയുടെ പ്രാദേശിക ഘടവും ഇപ്പോഴത്തെ നടപടികളില്‍ അമര്‍ഷത്തിലാണ്.

chandrika: