X

വാളയാറില്‍ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. അരിവാള്‍ പാര്‍ട്ടിക്കാരാണ് പ്രതികളെ രക്ഷിച്ചതെന്ന അമ്മയുടെ മൊഴി ഗൗരവമായി കാണേണ്ടതാണ്. പൊലീസിനെ പഴിചാരി കേസില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പ്രതികള്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതും പൊലീസും പ്രൊസിക്യൂഷനും ചെയ്തുവെച്ചിരുന്നു. പാര്‍ട്ടി നേതാക്കളുടെ താത്പര്യ പ്രകാരമാണ് ഈ ഇടപെടല്‍ നടന്നതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതികളുടെ അഭിഭാഷകനായിരുന്ന വ്യക്തി ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായത് എങ്ങനെ എന്നതും അന്വേഷിക്കേണ്ടതാണ്- കെ.പി.എ മജീദ് പറഞ്ഞു.
പുനരന്വേഷണത്തിന് കേസ് സി.ബി.ഐയെ ഏല്‍പിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പ്രതികളെ സഹായിക്കാന്‍ രംഗത്തിറങ്ങി എന്നത് വ്യക്തമാണ്. ഗുരുതരമായ വീഴ്ച അറിഞ്ഞിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിസ്സാരസംഭവം പോലെയാണ് പ്രതികരിച്ചത്. പിഞ്ചു കുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനത്തിന് വിധേയമായിട്ടാണ് കൊല്ലപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തിലെ അപൂര്‍വ്വ കേസാണിത്. ലാഘവത്തോടെ കേസ് അട്ടിമറിക്കപ്പെട്ടുവെങ്കില്‍ അതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നത് ഉറപ്പാണ്. ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണമുണ്ടായാലേ ഗൂഢാലോചന നടത്തിയവരെ പിടികൂടാന്‍ കഴിയുകയുള്ളൂ. അതിന് കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: