X

മുനവ്വറലി തങ്ങളുടെ “മൈ ബിലവ്ഡ് ബാപ്പ” പ്രകാശനം ചെയ്തു

ഷാർജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, ലേഖനങ്ങൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ എഴുതിയ “പ്രിയപ്പെട്ട ബാപ്പ” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അബ്ദുറഹ്മാൻ അലി അൽ ഹാശിമി മലയാളത്തിന്റെ പ്രിയ ഗ്രന്ഥകാരൻ ടി.പത്മനാഭന് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായ ഡോ. ആ ബിദ ഫാറൂഖിയാണ് പുസ്തകത്തിന്റെ പരിഭാഷ തയ്യാറാക്കിയത്.

പുസ്തകോത്സവത്തിൽ തിങ്ങിനിറഞ്ഞ പ്രധാന വേദിയായ ബാൾ ഹാളിൽ വെച്ചാണ് ചടങ്ങ് നടന്നത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തിൽ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും പ്രകാശനം നിർവ്വഹിച്ചുകൊണ്ട് അലി അൽ ഹാശിമി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു അദ്ദേഹമെന്നും ഹാശിമി വ്യക്തമാക്കി.
അപൂർവം ആളുകളെ മാത്രമേ ഞാൻ അങ്ങോട്ട് പോയി കാണാൻ ആഗ്രഹിച്ചിട്ടുള്ളു. അതിലൊരാളാണ് ശിഹാബ് തങ്ങളെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു.

ജീവിച്ചിരിക്കെ കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാൽ മരണ വിവരം അറിഞ്ഞ ഉടനെ പാണക്കാട്ടേക്ക് പുറപ്പെട്ടെന്നും ശിഹാബ് തങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിച്ചെന്നും, പത്മനാഭൻ ഓർമ്മകൾ പങ്ക് വെച്ചു.
മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് പടർന്ന് കിടക്കുന്ന ശിഹാബ് തങ്ങളുടെ അപൂർവ വ്യക്തിത്വത്തിന്റെ പ്രകാശനം കൂടിയായിരുന്നു ചടങ്ങ്. ഒലിവ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഷാർജ പുസ്തകോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്നത് അപൂർവ്വതയായി. നുറുകണക്കിനാളുകളാണ് വിവിധ രാജ്യങ്ങളിൽ നിന്നും എമിറേറ്റ്സുകളിൽ നിന്നുമായി ചടങ്ങിനെത്തിയത്.
ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, ഇബ്റാഹീം അൽ അബിദ് എന്നിവർ ശൈഖ് സായിദ്, സി.എച്ച് മുഹമ്മദ് കോയ എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും നിർവ്വഹിച്ചു.
ഷഹനാസ് തയ്യാറാക്കിയ കലിഡോസ്കോപ് എന്ന പുസ്തകത്തിന്റെ അറബി പരിഭാഷ അൽ മശാകിൽ എന്ന ഗ്രന്ഥവും ചടങ്ങിൽ പ്രകാശനം ചെയ്തു. സംവിധായകൻ നിഷാദ് ഏറ്റുവാങ്ങി.
കെ.എം.സി.സി നേതാക്കളായ ശംസുദ്ധീൻ ബിൻ മുഹയുദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ, അൻവർ നഹ, അബ്ദുല്ല ഫാറൂഖി, കുവൈത്ത്, കാനഡ, മലേഷ്യ എന്നിവിടങ്ങളിലെ കെ.എം.സി.സി. നേതാക്കൾ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

chandrika: